റിയാദ്: മരുഭൂമി നിറയെ പൂത്തു മലർന്നു കിടക്കുകയാണ് ലാവൻഡർ പൂക്കൾ. കാണാനെത്തുന്നവർ ലാവൻഡർ പരവതാനിയിൽ സമയം ചെലവഴിച്ച് മനംനിറഞ്ഞാണു മടങ്ങുന്നത്. മഴപെയ്തൊഴിഞ്ഞ മരുഭൂപാടങ്ങളിൽ ഇപ്പോൾ മണൽ നിറം കാണാനേയില്ല. പകരം വയലറ്റ് പൂക്കളുടെ പരവതാനിയാണെങ്ങും. വേനൽ വറുത്തെടുത്ത സൗദി അറേബ്യയിലെ മരുഭൂമിയിൽ മഴയും മഞ്ഞും കൊണ്ടു മുളച്ചതാണു ജടാമാഞ്ചിയെന്നു മലയാളികൾ പറയുന്ന ഇളംവയലറ്റുനിറം പൂക്കളുള്ള ലാവൻഡറുകൾ.
നോക്കെത്താ ദൂരത്തെല്ലാം പരന്നുകിടന്നു മരുഭൂമികൾക്കിപ്പോൾ ഈ ഇളംവയലറ്റു നിറമാണ്. റിയാദിൽ നിന്ന് 250 കിലോമീറ്റർ യാത്ര ചെയ്താലെത്തുന്ന അൽഖാഇയ മേഖലയിലെ മുരുഭൂനിലങ്ങളിൽ വിരിഞ്ഞ ഇളംവയലറ്റു പൂവാടികളെ കാണാൻ രാജ്യത്തിെൻറ പല ഭാഗത്തുനിന്ന് ആളുകൾ ഒഴുകുകയാണ്. മഴയും മഞ്ഞും മാറിയാൽ പൂക്കൾ വാടിപോകും. അതുകൊണ്ട് തന്നെ ക്ഷണപ്രഭയിലൊടുങ്ങൂം വിസ്മയക്കാഴ്ച മനസിലേക്ക് ആവാഹിക്കാൻ ഒട്ടും വൈകരുതെന്ന ജാഗ്രതയിൽ ഓടിയെത്തുകയാണ് മലയാളികളടക്കമുള്ളവർ.
ലാവൻഡർ മെത്തയിലിരുന്നു സൂര്യോദയം പൊട്ടിവിടരുന്നതിന്റെ അഴകേറും കാഴ്ചയിൽ ഉള്ളംനിറക്കാനും അസ്തമയത്തിന്റെ സുവർണ കിരണങ്ങളേറ്റു തിളങ്ങും മലരുകളുടെ മാസ്മരികതയാൽ സ്വയം മറന്നു കാലുഷ്യങ്ങളിൽനിന്നു മനസിനെ മോചിപ്പിക്കാനും അതതു ദിവസ ജീവിതത്തെ ഉല്ലാസഭരിതമാക്കാനും ഉദയാസ്തമയ സമയങ്ങൾ നോക്കി എത്തുന്നവരാണു സന്ദർശകരിൽ അധികവും. തണുത്ത കാറ്റേറ്റു നൃത്തം ചെയ്യുന്ന ജടാമാഞ്ചി ചെടികളുടെ ദൃശ്യങ്ങൾ കാമറയിൽ ഒപ്പാൻ പരസ്യ കമ്പനിക്കാരും വ്ലോഗർമാരും ഉൾപ്പടെ നൂറുകണക്കിനാളുകളാണു ദിവസേന ഇവിടെയെത്തുന്നത്
ലാവൻഡർ ചെടികൾക്കിടയിൽ ചെറിയ തമ്പുകൾ നാട്ടി അറേബ്യൻ ഗഹ്വയും സുലൈമാനിയും കുടിച്ച് സൊറ പറഞ്ഞിരിക്കുന്ന തദ്ദേശീയരും അവിടത്തെ മനോഹര കാഴ്ചകളിൽ നിറയുന്നുണ്ട്. അനുകൂല കാലാവസ്ഥയും അവധി ദിനവും കൂടി ചേർന്നപ്പോൾ സ്വദേശി കുടുംബങ്ങൾ കൂട്ടത്തോടെ സായാഹ്നം ആസ്വദിക്കാൻ എത്തിച്ചേരുകയാണ്. അവധി അവസാനിച്ചതോടെ ഇനി പ്രവൃത്തി ദിനങ്ങളിലെ തിരക്കൊഴിഞ്ഞു വാരാന്ത്യങ്ങളിൽ തിരക്ക് വർധിക്കും.
നോക്കെത്താദൂരത്ത് പടർന്നുകിടക്കുന്ന ജടാമാഞ്ചി നിലത്തിൽ പല പോസുകളിലായി മികച്ച ചിത്രങ്ങൾ പകർത്താൻ വേണ്ടി മാത്രം ദീർഘദൂരം സഞ്ചരിച്ചെത്തുന്നവരും കുറവല്ല. ഓരോ കാലാവസ്ഥയിലും തളിർക്കുന്ന ചെടികളെ കുറിച്ചും പൂക്കുന്ന പൂക്കളെ കുറിച്ചും കൃത്യമായ വിവരങ്ങൾ അറിയാൻ താൽപര്യമുള്ള സഞ്ചാരികൾക്ക് സസ്യശാസ്ത്രജ്ഞരെ വെല്ലുംവിധം അനുഭവം കൊണ്ട് വിവരണം നൽകാൻ പ്രാപ്തരായ ഗ്രാമവാസികളും അൽഖാഇയയിലുണ്ട്.
റിയാദിൽ നിന്ന് മദീന ഹൈവേ വഴി തുമൈർ-അർതാവിയ വഴിയാണ് അൽ ഖുയ്യയിൽ എത്തേണ്ടത്. ഖുയ്യക്ക് പുറമെ ഖസീം പ്രവിശ്യയിലും തബൂക്ക് മലനിരകളിലും ലാവൻഡർ വർണ വിസ്മയം വിരിച്ചിട്ടുണ്ട്. അറേബ്യൻ വൈബ്സ് വ്ലോഗ് സംഘാംഗങ്ങളായ സുബൈർ പടവത്ത്, റഹ്മ സുബൈർ, ഹകീം ചെറൂപ്പ, അർഷു, റാഷിദ്, മൂസ മാളിയേക്കൽ, ശർമിന എന്നിവർ ഖുയ്യയിലെത്തി ദൃശ്യങ്ങൾ പങ്കുവെച്ചതോടെ മലയാളികളും ഖുവ്വയിലേക്ക് ഒഴുകി തുടങ്ങിയിട്ടുണ്ട്.
ലാവൻഡർ പാടത്തിന്റെ മനോഹാര്യത പറഞ്ഞു റഹ്മ സുബൈർ പങ്കുവെച്ച വ്ലോഗ് പ്രമുഖ അറബ് വ്ലോഗർ ലബീബ് എക്സിൽ ഷെയർ ചെയ്തതോടെ ആയിരങ്ങളിലേക്കാണ് പടർന്നത്. യൂറോപ്പിലും കാനറി ദ്വീപുകളിലും കിഴക്കൻ ആഫ്രിക്കയിലും വ്യാപകമായി കണ്ടുവരുന്ന ലാവൻഡർ വിസ്മയം അറേബ്യൻ മരുഭൂമിയിൽ തീർക്കുന്ന വർണക്കാഴ്ച കണ്ടും പകർത്തിയും ആഘോഷിക്കുകയാണ് സന്ദർശകർ.
ആടുകളെയും ഒട്ടകങ്ങളെയും മേയ്ക്കുന്ന മരുഭൂമികളിൽ തൊഴിലെടുക്കുന്നവർക്കും ഇത് ആശ്വാസത്തിന്റെ കുളിർക്കാഴ്ചയാണ്. ലാവൻഡർ ചെടിയുടെ മണം പിടിച്ച് സായാഹ്ന സവാരിക്കിറങ്ങുന്ന ഒട്ടകങ്ങളും സന്ദർശകരെ ആകർഷിക്കുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു