കൊൽക്കത്ത: അയോധ്യയിലെ രാമക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷ്ഠാചടങ്ങ് പാരമ്പര്യത്തിൽ നിന്നു വ്യതിചലിക്കുന്നതിനാലാണ് പങ്കെടുക്കാത്തതെന്ന് പുരിയിലെ ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി മഹാരാജ്. ‘‘ശങ്കരാചാര്യന്മാർ സ്വന്തം അന്തസ്സ് ഉയർത്തിപ്പിടിക്കുന്നവരാണ്. ഇത് അഹങ്കാരമല്ല. പ്രധാനമന്ത്രി വിഗ്രഹം പ്രതിഷ്ഠിക്കുമ്പോൾ ഞങ്ങൾ പുറത്തിരുന്ന് കയ്യടിക്കണമെന്നാണോ നിങ്ങൾ പ്രതീക്ഷിക്കുന്നത്? മതനിരപേക്ഷ സർക്കാർ പാരമ്പര്യത്തെ ഇല്ലാതാക്കുന്നതിനല്ല നിലകൊള്ളേണ്ടത്.’’– സ്വാമി നിശ്ചലാനന്ദ പറഞ്ഞു.
22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിൽ പങ്കെടുക്കില്ലെന്ന് നാല് ശങ്കരാചാര്യന്മാർ അറിയിച്ചിരുന്നു. ആചാരവിരുദ്ധമായി ചടങ്ങുകൾ നടത്തുന്നതിനാൽ പങ്കെടുക്കില്ലെന്നാണ് ഉത്തരാഖണ്ഡിലെ ജോഷിമഠ് ജ്യോതിഷ് പീഠ ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ വ്യക്തമാക്കിയത്. ഒഡീഷയിലെ പുരി, കർണാടകയിലെ ശൃംഗേരി, ഗുജറാത്തിലെ ദ്വാരക പീഠാധിപതികളും പങ്കെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങ് രാഷ്ട്രീയമാണെന്നു പുരിയിലെ സ്വാമി നിശ്ചലാനന്ദ സരസ്വതി പറഞ്ഞു. പ്രതിഷ്ഠ നടത്തുന്ന പ്രധാനമന്ത്രി ശ്രീകോവിലിൽ കയറി വിഗ്രഹം തൊടും. അതിനെ എതിർക്കുന്നില്ലെങ്കിലും താന്ത്രിക വിധിപ്രകാരമാണു ചടങ്ങുകൾ നടത്തേണ്ടത്. അതിനാൽ പങ്കെടുക്കില്ല – അദ്ദേഹം പറഞ്ഞു.
നാല് ശങ്കരാചാര്യന്മാർ പ്രതിഷ്ഠാചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നതു ചൂണ്ടിക്കാട്ടി പ്രതിപക്ഷവും രംഗത്തെത്തി. അപൂർണ്ണമായ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ എതിർപ്പുള്ളതിനാലാണ് ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന് ശങ്കരാചാര്യർ തീരുമാനിച്ചതെന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.