ധാരാളം ഫൈബർ, വൈറ്റമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങി നിരവധി പോഷകഗുണങ്ങളുള്ള ഒന്നാണ് മാതള നാരങ്ങ. ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലുപരി തലച്ചോറിന്റെ ആരോഗ്യത്തിനും മാതള നാരങ്ങ വളരെ നല്ലാതാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടികാണിക്കുന്നു.
മാതള നാരങ്ങയിലെ ആന്റിഓക്‌സിഡന്റ്, ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങളുള്ള യൂറോലിത്തിൻ എ തലച്ചോറിലെ കോശങ്ങളെ നീർക്കെട്ട്, ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു. തലച്ചോറിനെ ബാധിക്കുന്ന പാർക്കിൻസൺസ്, അൾസ്‌ഹൈമേഴ്‌സ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങൾ നീർക്കെട്ടും ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സുമാണ്.
മാതള നാരങ്ങ ജ്യൂസ് അടിച്ചു കുടിക്കുന്നത് മിതമായ ഓർമ്മക്കുറവുള്ളവരിൽ ഓർമ്മ ശക്തിയും ധാരണശേഷിയും മെച്ചപ്പെടുത്തുന്നതിന് നല്ലതാണ്. തലച്ചോറിലേക്കുള്ള ഓക്‌സിജൻ വിതരണവും രക്തപ്രവാഹവും മെച്ചപ്പെടുത്തുകയും പക്ഷാഘാത സാധ്യതകളെയും കുറയ്‌ക്കുന്നു ചെയ്യുന്നു.
മാനസിക നില, ഓർമ്മശക്തി എന്നിവയുമായി ബന്ധപ്പെട്ട ന്യൂറോട്രാൻസ്‌മിറ്ററുകളായ അസറ്റൈൽകോളിൻ, ഡോപ്പമിൻ, സെറോടോണിൻ എന്നിവയെ ഉത്തേജിപ്പിക്കാനും മാതളനാരങ്ങയ്‌ക്ക് കഴിയും.
ദിവസവും ഒരു കപ്പ് മാതളനാരങ്ങയോ ഒരു ഗ്ലാസ് ജ്യൂസോ ഡയറ്റിൽ ഉൾപ്പെടുത്താം. പ്രായത്തിനും ഭാരത്തിനും ആരോഗ്യസ്ഥിതിക്കും കഴിക്കുന്ന മരുന്നുകൾക്കും അനുസരിച്ച് ഇതിൽ മാറ്റം വരുത്താം.
പ്രമേഹം, രക്തസമ്മർദ്ധം, വൃക്കരോഗങ്ങൾ തുടങ്ങിയവയുള്ളവും, രക്തം നേർപ്പിക്കാനുള്ള മരുന്നുകൾ കഴിക്കുന്നവരും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ മാതളനാരങ്ങ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവൂ. മാതളനാരങ്ങ ചില മരുന്നുകളുമായി പ്രതിപ്രവർത്തിക്കാനും രക്തസമ്മർദ്ദവും പ്രമേഹവും വർധിപ്പിക്കാനുമുള്ള സാധ്യതയുണ്ട്.
ഇതിന്റെ അസിഡിക് സ്വഭാവം പല്ലുകൾക്ക് നിറം മാറ്റമുണ്ടാക്കുകയും ഇനാമലിനെ ദുർബലപ്പെടുത്തുകയും ചെയ്യാം. ഇതിനാൽ മാതളനാരങ്ങ കഴിച്ച ശേഷം വായ കഴുകുന്നതും ചെറുതായി പല്ലു തേയ്‌ക്കുന്നതും നല്ലതാണ്.