കഴക്കൂട്ടം: കഠിനംകുളം ഗ്രാമ പഞ്ചായത്തിന്റെ പൂർണ പിന്തുണയോടെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററായി പ്രവർത്തിക്കുന്ന ചേരാമാൻതുരുത്ത് ഗവ.ആയുർവേദ ഡിസ്പെൻസറിക്ക് എൻ.എ.ബി.എച്ച് അംഗീകാരം. നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സാവകുപ്പും സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തതിന് സംസ്ഥാന വ്യാപകമായി നടത്തിയ സംരംഭത്തിന്റെ ഭാഗമായാണ് ഈ അംഗീകാരം.
മെച്ചപ്പെട്ട അടിസ്ഥാന – ചികിത്സ സൗകര്യങ്ങൾ, ലാബ് കളക്ഷൻ യൂണിറ്റ്, യോഗ പരിശീലനം, ഔഷധതോട്ടം, സാമൂഹിക ആരോഗ്യ രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, റജിസ്റ്ററുകളുടെ കൃത്യത, മരുന്ന് സംഭരണം, ശുചിത്വം, ഭിന്നശേഷി സൗഹൃദം, അനുബന്ധ സേവനങ്ങൾ തുടങ്ങിയ 150യോളം മാനദണ്ഡങ്ങൾ പരിഗണിച്ചാണ് അംഗീകാരം ലഭിച്ചത്.ഇതോടെ തീരദേശമടക്കമുള്ള മേഖലയിലെ കൂടുതൽ രോഗികൾക്ക് മികച്ച സേവനവും ചികിത്സകളും ലഭ്യമാക്കാൻ കഴിയുമെന്ന പ്രതീക്ഷിയിലാണ് ഡിസ്പെൻസറി ജീവനക്കാർ.