ന്യൂഡൽഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കോൺഗ്രസ് ഭരണത്തിലുള്ള കർണാടകയിൽ നിന്നും തെലങ്കാനയിൽ നിന്നുമായി രണ്ടു സീറ്റിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്.
പ്രാദേശിക കോൺഗ്രസ് ഘടകത്തെ അറിയിക്കാതെ, എഐസിസി കർണാടകയിലെ കൊപ്പൽ ലോക്സഭാ മണ്ഡലത്തിൽ സർവേ നടത്തിക്കഴിഞ്ഞതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
കൊപ്പലിനു പുറമേ തെലങ്കാനയിലെ മറ്റൊരു സീറ്റിലും പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കുമെന്നാണ് വിവരം. എന്നാൽ, മുതിർന്ന കോൺഗ്രസ് നേതാക്കളാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കർണാടകയിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ജില്ലകളിലൊന്നാണ് കൊപ്പൽ. ജില്ലയിലെ 8 നിയമസഭാ മണ്ഡലങ്ങളിൽ 6 എണ്ണത്തിൽ കോൺഗ്രസാണ്.
എഐസിസി നടത്തിയ സർവേയിൽ കൊപ്പൽ പ്രിയങ്കാ ഗാന്ധിക്ക് സുരക്ഷിതമായ സീറ്റാണെന്ന് കണ്ടെത്തിയെന്നാണ് വിവരം. നിലവിൽ ബിജെപിയുടെ കാരാടി സംഗണ്ണയാണ് കൊപ്പൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
മുൻപ് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കർണാടകയിലെ ചിക്കമംഗളൂരു ലോക്സഭാ സീറ്റിൽ നിന്ന് മത്സരിച്ച് വിജയിച്ചിരുന്നു. 1999-ൽ കർണാടകയിലെ ബല്ലാരി മണ്ഡലത്തിൽ നിന്ന് അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിനെതിരെ സോണിയ ഗാന്ധി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.
പ്രിയങ്ക ഗാന്ധി കർണാടകയിൽ നിന്ന് മത്സരിക്കുകയാണെങ്കിൽ, അത് സംസ്ഥാനത്തുടനീളം കോൺഗ്രസിന് നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.