ആലുവ:ആലുവ കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വില്പന നടത്തി വന്നിരുന്ന അതിഥിത്തൊഴിലാളി എക്സൈസിന്റെ പിടിയിൽ. ഒഡീഷ കാൻന്ദമാൽ സ്വദേശി സൂര്യ മാലിക്കാ (ഛോട്ടു – 29) ണ് എക്സൈസിന്റെ സംയുക്ത നീക്കത്തിൽ പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് വ്യത്യസ്ത അളവിലുള്ള പോളിത്തീൻ കവറുകളിൽ പാക്ക് ചെയ്ത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി കെട്ടിവെച്ച നിലയിൽ രണ്ട് കിലോ കഞ്ചാവ് കണ്ടെത്തി.
സുഗന്ധദ്രവ്യ വസ്തുക്കളുടെ മറവിൽ കഞ്ചാവ് കടത്തുന്നുവെന്ന രഹസ്യ വിവരം സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് (സീസ്) തലവൻ അസി. കമ്മിഷണർ ടി. അനികുമാറിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അസി. കമ്മിഷണറുടെ മേൽ നോട്ടത്തിലുള്ള പ്രത്യേക സംഘവും എക്സൈസ് ഇന്റലിജൻസും ആലുവ എക്സൈസും ചേർന്ന് ഇയാൾക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയിരുന്നു.
ആലുവ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു സമീപം സുഗന്ധ ദ്രവ്യ വസ്തുക്കൾ കൈമാറാൻ ഇടപാടുകാരെ കാത്തു നിൽക്കുകയായിരുന്ന ഛോട്ടുവിനെ എക്സൈസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.
ആലുവ റേഞ്ച് ഇൻസ്പെക്ടർ എം. സുരേഷ്, ഐ.ബി. പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത് കുമാർ, സിറ്റി മെട്രോ ഷാഡോ പ്രിവന്റീവ് ഓഫീസർ എൻ.ഡി. ടോമി, മൂന്നാർ സർക്കിൾ സി.ഇ.ഒ. കെ.എൻ. സിജുമോൻഎന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.