സ്‌ത്രീകളുടെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു പരിവര്‍ത്തന ഘട്ടമാണ് ആര്‍ത്തവവിരാമത്തിന്റെ സമയം. ശാരീരികവും വൈകാരികവുമായ വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടമാണ് ഇത്.
പ്രത്യുത്‌പാദനക്ഷമമായ വര്‍ഷങ്ങളുടെ അന്ത്യം കുറിക്കുന്ന ഈ കാലഘട്ടത്തില്‍ വരുന്ന മാറ്റങ്ങള്‍ ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഹോര്‍മോണല്‍ വ്യതിയാനങ്ങള്‍ ചിലര്‍ക്ക് വൈകാരികമായ പ്രശ്‌നങ്ങളും ഉണ്ടാക്കാം.
ആര്‍ത്തവവിരാമത്തെ ഫലപ്രദമായി നേരിടുന്നതിന് ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കു:
. വ്യായാമം ശീലമാക്കുക
ഭാരം നിയന്ത്രിക്കാനും എല്ലുകളെ ശക്തിപ്പെടുത്താനും സഹായിക്കുന്ന വ്യായാമങ്ങള്‍ സ്‌ത്രീകളുടെ മൂഡ് മെച്ചപ്പെടുത്തുകയും സമ്മര്‍ദ്ദം കുറയ്‌ക്കുകയും ചെയ്യും. എയറോബിക് വ്യായാമങ്ങള്‍, സ്‌ട്രെങ്‌ത് ട്രെയ്‌നിങ്, യോഗ പോലുള്ള ഫ്‌ളെക്‌സിബിലിറ്റി വ്യായാമങ്ങള്‍ എന്നിവ നിത്യവും പരിശീലിക്കുന്നത് ഗുണം ചെയ്യും.
. ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുക
ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ സന്തുലിതമായ ഭക്ഷണക്രമം സഹായിക്കും. പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്‌നുകളും ലീന്‍ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണക്രമം തിരഞ്ഞെടുക്കേണ്ടതാണ്.
കാല്‍സ്യവും വൈറ്റമിന്‍ ഡിയും അടങ്ങിയ ഭക്ഷണങ്ങള്‍ എല്ലുകളുടെ കരുത്ത് ചോരാതെ സഹായിക്കും. കഫൈനും എരിവും മദ്യവും പരിമിതപ്പെടുത്തേണ്ടതാണ്.
. സമ്മര്‍ദ്ദ നിയന്ത്രണം
ഹോര്‍മോണല്‍ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ മെഡിറ്റേഷന്‍, ശ്വസന വ്യായാമങ്ങള്‍, ഹോബികള്‍ എന്നിവ വഴി ശ്രമിക്കേണ്ടതാണ്. സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ക്കായി സമയം മാറ്റിവയ്‌ക്കുക. സ്വയം പരിചരണത്തിനും പ്രാധാന്യം കൊടുക്കണം.
. ചിട്ടയായ ഉറക്കം
ആര്‍ത്തവവിരാമത്തെ തുടര്‍ന്ന് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഉറക്കത്തെയും ബാധിക്കാറുണ്ട്. ചിട്ടയായ ഉറക്ക സമയങ്ങള്‍ പിന്തുടരുന്നതും സുഖകരമായ താപനില അടക്കമുള്ള ഉറക്ക അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതും ഉറക്കത്തിന്റെ നിലവാരം വര്‍ധിപ്പിക്കും.
. ഇടയ്‌ക്കിടെയുള്ള ആരോഗ്യ പരിശോധന
ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ച് ശരീരത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളെ നേരിടാന്‍ ഇടയ്‌ക്കിടെയുള്ള ആരോഗ്യ പരിശോധനകള്‍ സഹായിക്കും. പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും ഡോക്ടറോട് തുറന്ന് പറയാനും ആവശ്യമായ ചികിത്സ തേടാനും മടിക്കരുത്.
. ആവശ്യമെങ്കില്‍ തെറാപിസ്റ്റിന്റെ സഹായം തേടണം
വൈകാരികവും മാനസികവുമായ ക്ഷേമം ഉറപ്പാക്കാന്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമൊക്കെ സഹായം തേടാവുന്നതാണ്. മൂഡ് മാറ്റങ്ങള്‍, ഉത്‌കണ്‌ഠ, വിഷാദരോഗം പോലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന പക്ഷം മാനസികരോഗവിദഗ്‌ധന്റെയോ തെറാപിസ്റ്റിന്റെയോ സേവനം തേടാവുന്നതാണ്.