ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ തുടരുന്ന പാകിസ്ഥാൻ ഭീകരവാദ പ്രവര്‍ത്തനത്തിനെതിരെ ‘ഓപ്പറേഷന്‍ സര്‍വശക്തി’യുമായി ഇന്ത്യൻ സൈന്യം. പിര്‍ പഞ്ചല്‍ പര്‍വതനിരകളുടെ ഇരുഭാഗത്തുമുള്ള ഭീകരരെ ലക്ഷ്യമിട്ടാണ് പുതിയ ദൗത്യത്തിന് സൈന്യം തുടക്കം കുറിച്ചത്.
ശ്രീനഗര്‍ ആസ്ഥാനമായുള്ള ചിന്നാര്‍ സൈന്യ വിഭാഗവും നഗ്രോട്ട ആസ്ഥാനമായ വൈറ്റ് നൈറ്റ് കോര്‍പ്‌സും ഒരേസമയം നടത്തുന്ന ദൗത്യത്തില്‍ ജമ്മു കശ്മീര്‍ പൊലീസ്, സിആര്‍പിഎഫ്, പ്രത്യേക ദൗത്യ സംഘം, രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവരും ഭാഗമാകും.
ഈ പ്രദേശത്തു നിന്ന് തീവ്രവാദികളെ ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2003-ല്‍ തുടങ്ങിയ ഓപ്പറേഷന്‍ സര്‍പ്പവിനാശില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഓപ്പറേഷന്‍ സര്‍വശക്തി ആരംഭിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി രജൗരി- പൂഞ്ച് മേഖല ഉള്‍പ്പെടെയുള്ള പിര്‍ പഞ്ചലിന്റെ തെക്കന്‍ മേഖലകളില്‍ ഭീകരവാദം പുനരുജ്ജീവിപ്പിക്കാനായി പാകിസ്താനിലെ ഭീകരവാദ സംഘടനകള്‍ ശ്രമിക്കുന്നുണ്ട്.
ഭീകരരുടെ ആക്രമണത്തില്‍ ഇരുപതോളം ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഡിസംബര്‍ 21-ന് ദേരാ കി ഗലി മേഖലയിലുണ്ടായ ആക്രമണത്തിലും നാലു സൈനികര്‍ വീരമൃത്യു വരിച്ചു. ഈ പശ്ചാത്തലത്തിലാണ് സൈന്യം പുതിയ ദൗത്യത്തിന് തുടക്കമിട്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു