ദോഹ: സാംസ്കാരിക, വിനോദസഞ്ചാര മേഖലകളിൽ സഹകരണവും സൗഹൃദവും ശക്തിപ്പെടുത്തുന്നതിനുള്ള ഖത്തർ -സൗദി കോഓഡിനേഷൻ കൗൺസിൽ ശ്രമങ്ങളെ പ്രശംസിച്ച് കൗൺസിൽ സാംസ്കാരിക-വിനോദസഞ്ചാര സമിതി ചെയർമാനും ഖത്തർ സാംസ്കാരിക മന്ത്രിയുമായ ശൈഖ് അബ്ദുറഹ്മാൻ ബിൻ ഹമദ് ആൽഥാനി. അൽ ഉലയിലേക്കുള്ള ഖത്തർ എയർവേയ്സ് സർവിസിന് തുടക്കം കുറിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി സാംസ്കാരിക മന്ത്രി പ്രിൻസ് ബദർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ ബിൻ സഊദ്, അൽ ഉല റോയൽ കമീഷൻ ഗവർണർ, ഖത്തർ-സൗദി കോഓഡിനേഷൻ സമിതിയുടെ സാംസ്കാരിക, വിനോദ, വിനോദസഞ്ചാര സമിതി ചെയർമാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ദോഹയിൽനിന്ന് അൽ ഉലയിലേക്കുള്ള വിമാന സർവിസ് സമിതിയുടെ ശ്രമങ്ങളുടെ വിജയമാണെന്ന് അബ്ദുറഹമാൻ ബിൻ ഹമദ് ആൽഥാനി കൂട്ടിച്ചേർത്തു. ഇരുരാജ്യങ്ങൾക്കുമിടയിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നായ സർവിസ് ആരംഭിക്കുന്നതിലെ സൗദി സാംസ്കാരിക മന്ത്രിയുടെ താൽപര്യത്തെയും അദ്ദേഹം അഭിനന്ദിച്ചു.
ഖത്തരി-സൗദി ബന്ധത്തിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നും സാംസ്കാരിക പ്രവർത്തനത്തിന്റെ ഏറ്റവും നിർണായക ലക്ഷ്യങ്ങളിലൊന്നാണ് പൈതൃക സംരക്ഷണമെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയിലെ ആദ്യത്തെ യുനെസ്കോ പൈതൃക കേന്ദ്രമായ അൽ ഉല ശൈഖ് അബ്ദുറഹ്മാൻ ആൽഥാനി സന്ദർശിച്ചു. റിയാദിൽനിന്ന് ഏകദേശം 1100 കിലോമീറ്റർ അകലെയാണ് അൽ ഉല. നിരവധി പൗരാണിക നാഗരികതകളുടെ അടുത്ത് സ്ഥിതിചെയ്യുന്ന പ്രധാന വാണിജ്യകേന്ദ്രമെന്ന നിലയിൽ അൽ ഉല ഏറെ പ്രസിദ്ധമായ സ്ഥലങ്ങളിലൊന്നാണ്.
ഖത്തർ എയർവേയ്സിന്റെ സൗദിയിലെ ലക്ഷ്യസ്ഥാനങ്ങൾ വളരുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഗ്രൂപ് സി.ഇ.ഒ എഞ്ചി. ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. നിലവിൽ സൗദിയിലെ 10 സ്ഥലങ്ങളിലേക്ക് ദോഹയിൽനിന്ന് ഖത്തർ എയർവേയ്സ് സർവിസ് നടത്തുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു