കോഴിക്കോട് ∙ ഭരണാധികാരികൾ ഏതെങ്കിലും ഒരു മതത്തിന്റെ പേരിൽ അഭിമാനം കൊള്ളുന്നതു ശരിയല്ലെന്നു മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. പ്രധാനമന്ത്രി ഭാരതീയ ഹൃദയ സാമ്രാട്ട് ആകുന്നതിനു പകരം ഹിന്ദു ഹൃദയ സാമ്രാട്ട് ആകാനാണ് ആഗ്രഹിക്കുന്നത്. രാജ്യത്തെ ജനങ്ങളെ ഒന്നായി കാണാൻ ഭരണാധികാരിക്കു കഴിയണം. അങ്ങനെ കഴിയുന്നവനാണു യഥാർഥ ഹിന്ദു എന്നും മണിശങ്കർ അയ്യർ പറഞ്ഞു. എംഇഎസ് സംസ്ഥാന കമ്മിറ്റിയുടെ എക്സലൻസ് അവാർഡ് സ്വീകരിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷത ഇല്ലാതെ ഇന്ത്യയ്ക്കു നിലനിൽപ്പുണ്ടാകില്ലെന്നും മതനിരപേക്ഷത ഇല്ലാതെ നിലനിൽക്കാൻ ഇന്ത്യയ്ക്ക് അർഹതയില്ലെന്നും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി പറഞ്ഞിരുന്നു. ആ വാക്കുകൾക്കു വർത്തമാന ഇന്ത്യയിൽ ഏറെ പ്രസക്തിയുണ്ട്. എല്ലാ വിശ്വാസ ധാരകളെയും സ്വീകരിക്കുന്നതും സഹിഷ്ണുതയോടെ പെരുമാറുന്നതുമാണ് ഇന്ത്യയുടെയും ഹിന്ദുവിന്റെയും പാരമ്പര്യമെന്നും മണിശങ്കര അയ്യർ പറഞ്ഞു.
ശങ്കരാചാര്യ മഠങ്ങളുടെ വിയോജിപ്പ് മറികടന്ന് രാമക്ഷേത്ര പ്രതിഷ്ഠയുമായി മുന്നോട്ടുപോകാനുള്ള മോദിയുടെ നീക്കം തിരിച്ചടിയുണ്ടാക്കുമെന്ന് കഴിഞ്ഞ ദിവസം മണിശങ്കര്‍ അയ്യര്‍ പ്രതികരിച്ചിരുന്നു. അയോധ്യയിലെ ചടങ്ങ് സ്വന്തം താത്പര്യപ്രകാരം നടത്താനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തേയും അദ്ദേഹം വിമർശിച്ചു. ആദി ശങ്കരാചാര്യർ സ്ഥാപിച്ച നാലു മഠങ്ങളും ചടങ്ങിൽനിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു