ദോഹ: കലീല വ ദിംനയുടെ കഥയിലൂടെ തുടങ്ങി, ഗസ്സയിൽ പൊരുതുന്ന ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യമായി അവരുടെ നായകൻ മുസാബ് അൽ ബത്താതിനെ ചേർത്തുപിടിച്ചുകൊണ്ട് വേറിട്ടൊരു മാതൃകയിൽ ഏഷ്യൻ കപ്പ് ഫുട്ബാളിന് തുടക്കമായി. ലുസൈൽ സ്റ്റേഡിയത്തിലെ 80,000ത്തോളം ഇരിപ്പിടങ്ങളിലായി നിറഞ്ഞു കവിഞ്ഞ ആരാധകരെ സാക്ഷിയാക്കി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ തന്നെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ഒരു മണിക്കൂർ നീണ്ട പരിപാടി ‘ദി ലോസ്റ്റ് ചാപ്റ്റർ- കലീല വദിംന’ എന്ന പേരിൽ അറബ് പഞ്ചതന്ത്ര കഥകളുടെ പുതുമയേറിയ അവതരണമായി മാറി. പാട്ടും ശിൽപങ്ങളും നൃത്തങ്ങളുമായി ഹൃദ്യമായ അവതരണത്തിലൂടെയായിരുന്നു പൗരാണികമായ കഥയുടെ ദൃശ്യാവിഷ്കാരം നിറഞ്ഞുകവിഞ്ഞ ഗാലറിക്കു മുമ്പാകെ അവതരിപ്പിച്ചത്.
വെളിച്ചവും കലാപ്രകടനവും വെടിക്കൊട്ടുംകൊണ്ട് ശ്രദ്ധേയമായ ചടങ്ങിനൊടുവിൽ ഫലസ്തീൻ ദേശീയ ഗാനംകൂടി മുഴങ്ങിയായിരുന്നു ഉദ്ഘാടന ആഘോഷ പരിപാടികൾക്ക് സമാപനമായത്. ഏഷ്യൻ കപ്പിന്റെ ഔദ്യോഗിക ഗാനമായ ‘ഹദഫ് ഹദഫ്…’ ഉം ലുസൈലിൽ ആരവം തീർത്തു. തുടർന്ന് ആതിഥേയരായ ഖത്തറിന്റെ നായകൻ ഹസൻ അൽ ഹൈദോസും ഫലസ്തീൻ നായകൻ മുസാബ് അൽ ബത്തും ചേർന്ന് ടൂർണമെന്റിന്റെ പ്രതിജ്ഞകൂടി ചൊല്ലിയതോടെ 18ാമത് ഏഷ്യൻ കപ്പിന്റെ പോരാട്ടങ്ങൾക്ക് കിക്കോഫ് ആയി.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ, എ.എഫ്.സി പ്രസിഡന്റ് ശൈഖ് സൽമാൻ ഇബ്രാഹിം ആൽ ഖലീഫ എന്നിവരുൾപ്പെടെ ഉദ്ഘാടന ചടങ്ങിനും ഖത്തർ ലബനാൻ മത്സരത്തിനും സാക്ഷിയാവാനെത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു