കുവൈത്ത്സിറ്റി: രാജ്യത്തെ പ്രഫഷനൽ തൊഴിലാളികൾക്ക് സാങ്കേതിക പരീക്ഷ നടത്തുന്നതിന് കുവൈത്ത് മാൻപവർ അതോറിറ്റിയും അപ്ലൈഡ് എജുക്കേഷനും ധാരണപത്രത്തില്‍ ഒപ്പുവെച്ചു. പബ്ലിക് അതോറിറ്റി ഫോർ മാൻപവര്‍ ആക്ടിങ് ഡയറക്ടർ ജനറൽ മർസൂഖ് ദൈഫ് അൽ ഉതൈബിയും പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജുക്കേഷൻ ട്രെയിനിങ് ഡയറക്ടർ ജനറൽ ഡോ. ഹസൻ അൽ ഫജ്ജാമിയുമാണ് കരാറിലേര്‍പ്പെട്ടത്.
നിയമം പ്രാബല്യത്തില്‍ വരുന്നതോടെ വിദഗ്ധ തൊഴിലാളികൾക്ക് പ്രായോഗികവും സാങ്കേതികവുമായ ടെസ്റ്റുകൾ പൂർത്തിയാക്കിയതിനു ശേഷമാകും ഇനി തൊഴിൽ അവസരം ലഭിക്കുക. പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജുക്കേഷൻ ആൻഡ് ട്രെയിനിങ് വിഭാഗവുമായി സഹകരിച്ചായിരിക്കും സാങ്കേതിക ടെസ്റ്റ് നടത്തുക. ഇതുസംബന്ധമായ ധാരണ പത്രമാണ് ഒപ്പുവെച്ചത്.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് പ്രഫഷനൽ ടെസ്റ്റ് നടപ്പാക്കുന്നത്. ഇതിലൂടെ രാജ്യത്തെ തൊഴിലാളികളുടെ കാര്യക്ഷമതയും ഗുണനിലവാരവും വികസിപ്പിക്കുവാനും മികവുകള്‍ മെച്ചപ്പെടുത്താനും കഴിയുമെന്നാണ് പ്രതീക്ഷ. ഏത് തൊഴിലുകള്‍ക്കാണ് ടെസ്റ്റുകൾ നിര്‍ബന്ധമാക്കുകയെന്ന് ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല.
നിലവിൽ കുവൈത്തിലേക്കുള്ള ആരോഗ്യമേഖലയിലെ റിക്രൂട്ട്മെന്റുകളിൽ മന്ത്രാലയം യോഗ്യത ടെസ്റ്റ് നടത്തുന്നുണ്ട്. എൻജിനീയറിങ് രംഗത്തും പ്രത്യേക യേഗ്യത മാനദണ്ഡങ്ങൾ ഉണ്ട്.
ടെസ്റ്റുകൾ നടത്തി തൊഴിലാളികളെ നിയമിക്കുന്നതിലൂടെ കുവൈത്തിൽ ജോലിചെയ്യുന്നവരുടെ സാങ്കേതിക വൈദഗ്ധ്യം ഉയർത്തി തൊഴിൽവിപണി വികസിപ്പിക്കാൻ സഹായിക്കും. പുതിയ നിയമത്തിലൂടെ തൊഴിലാളികളുടെ ഉൽപാദനക്ഷമതയും കാര്യക്ഷതയും ഉറപ്പാക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പ്രശ്നം പരിഹരിക്കലും തൊഴില്‍രംഗത്തെ ചൂഷണം തടയലും നവീകരണവും പദ്ധതിയുടെ ലക്ഷ്യമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു