പരുന്തുകളിൽ ഇടത്തരം വലുപ്പമുള്ള പരുന്താണ് വലിയ പുള്ളിപ്പരുന്ത്. പുള്ളിപ്പരുന്തുകളിലെ പ്രമുഖനും ഏറ്റവും വലുപ്പമേറിയതും ഇവയാണ്. ശരത്കാലത്തോടെ ദേശാടകനായി വന്ന് വേനൽക്കാലത്തിന്റെ തുടക്കംവരെ കുവൈത്തിൽ ചെലവഴിക്കുന്ന ചുരുക്കം പക്ഷികളിൽ ഒന്നാണ് ഇവ.
കേരളത്തിലും പതിവായി എത്തുന്ന ദേശാടകരാണ് ഇവർ. ഐ.യു.സി.എൻ ലിസ്റ്റ് പ്രകാരം വംശനാശ ഭീഷണിയുള്ള ജീവിയാണ് ഇവ. 2000ത്തിലെ കണക്കനുസരിച്ച് നാലായിരത്തിലും അയ്യായിരത്തിനും ഇടയിൽ ജോഡി ഇണകളേ ലോകത്ത് അവശേഷിച്ചിട്ടുള്ളൂ. ദീർഘദൂര ദേശാടകരായ ഇവയുടെ പഠനഭാഗമായി റേഡിയോ കോളർ ഘടിപ്പിക്കാനും നിരീക്ഷിക്കാനും കുവൈത്ത് പരിസ്ഥിതി മന്ത്രാലയത്തിൽ ഒരു വിഭാഗം പ്രവർത്തിക്കുന്നുണ്ട് .
പുള്ളിപ്പരുന്ത് എന്നാണ് പേരെങ്കിലും പ്രായപൂർത്തി ആകുന്നതോടുകൂടി ഇവയുടെ വെള്ളപ്പുള്ളികൾ നഷ്ടപ്പെടുകയും കടും തവിട്ടുനിറം കൈവരുകയും ചെയ്യും. എന്നാൽ പ്രായപൂർത്തി ആകാത്ത പക്ഷികളിൽ വെള്ള പൊട്ടുകൾ നിറഞ്ഞതാണ് തൂവൽക്കുപ്പായങ്ങൾ. ഇവയുടെ ചിറകുവിരിപ്പ് ആറടി വരെ വരും. ചെറിയ വട്ടത്തിലുള്ള വാലാണ് ഇവക്ക്. ചിറകിനടിയിൽ കാണുന്ന വെളുത്ത നിറത്തിലുള്ള അല്പവിരാമ ചിഹ്നം പറക്കുമ്പോൾ ഇവയെ മറ്റു പരുന്തുകളിൽ നിന്നും വേറിട്ടറിയാൻ സഹായിക്കുന്നു. വനവാസി ആണെങ്കിലും വെള്ളവും വെള്ളത്തോട് ചേർന്നുള്ള ആവാസവ്യവസ്ഥയും ഇഷ്ടപ്പെടുന്ന പക്ഷികളാണ് ഇവ. വെള്ളത്തിൽ ഇറങ്ങാനും നീർപക്ഷികളെയും തവളയെയും മറ്റും പിടിക്കാനും മിടുക്കരാണ് ഇവർ.
പ്രജനന സമയത്ത് കൂടുകൂട്ടി മുട്ടയിട്ടു കഴിഞ്ഞാൽ പെൺപക്ഷി അടയിരിക്കും. കുഞ്ഞിക്കിളികൾക്ക് ചൂടുപകർന്ന് ഇരിക്കുന്നതും കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നതും അമ്മ തന്നെയാണ്. പെൺപക്ഷി ദീർഘനേരം കൂട്ടിൽ നിന്നും മാറിനിന്നാൽ ആൺപക്ഷികൾ ഈ ജോലികൾ ഏറ്റെടുക്കും. എന്നാൽ കുട്ടികൾക്കുള്ള ഭക്ഷണം വേട്ടയാടി കൊണ്ടുവരുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത് ആൺപക്ഷികളാണ്. ‘കൈനിസം’ എന്ന, കൂടപിറപ്പിനെ കൊല്ലുന്ന സ്വഭാവം പ്രകടമായുള്ള പരുന്താണ് ഇവ. മിക്കപ്പോഴും മുതിർന്ന കുട്ടിക്കിളി ഇളയ കുട്ടിക്കിളിയെ കൊത്തിക്കൊല്ലുകയാണ് പതിവ്. ദേശാടന കാലത്തു മാത്രം കൂട്ടുകൂടുന്ന ഇവ ഒറ്റ തിരിഞ്ഞാണ് ദേശാടനം നടത്തുന്നത്.
Clanga clanga എന്നാണ് ശാസ്ത്രീയ നാമം. കുവൈത്തിൽ ജഹ്റ റിസർവിൽ സ്ഥിര സന്ദർശകരാണ് ഇവർ. എല്ലാ കൊല്ലവും മുറതെറ്റാതെ ഇവ എത്തുന്നു. സുലൈബിയയിലെ ഫാമുകളിലും ഇവയെ കാണാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു