കുവൈത്ത്സിറ്റി: ഓൺലൈൻ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്നവർ ശ്രദ്ധിക്കുക. ഉടനടി ബാങ്കുമായി ബന്ധപ്പെട്ടാൽ പണം തിരികെ കിട്ടാൻ സാധ്യതയുണ്ട്. രാജ്യത്തെ സാമ്പത്തിക തട്ടിപ്പുകളും കുറ്റകൃത്യങ്ങളും, കള്ളപ്പണം വെളുപ്പിക്കലും നേരിടാൻ വെർച്വൽ റൂം (അമാൻ)സജ്ജമാക്കി.
പബ്ലിക് പ്രോസിക്യൂഷനും കുവൈത്ത് ബാങ്കിങ് അസോസിയേഷനും (കെ.ബി.എ) സഹകരിച്ചാണ് പദ്ധതി. വിശ്രമമില്ലാതെ വെർച്വൽ റൂം പ്രവർത്തിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് (എം.ഒ.ഐ) അറിയിച്ചു. ബാങ്കുകളിൽ നിന്നും സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിനും അവയോട് ഉടനടി പ്രതികരിക്കുന്നതിനും ഇതുവഴി കഴിയുമെന്ന് മന്ത്രാലയത്തിന്റെ മീഡിയ സെക്യൂരിറ്റി ആൻഡ് റിലേഷൻസ് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി. പരാതികൾ ലഭിച്ചാലുടൻ ഡയറക്ടറേറ്റ് നടപടിയെടുക്കുകയും മോഷ്ടാക്കളുടെ അക്കൗണ്ടിൽ നിന്ന് പണം മരവിപ്പിക്കുകയും ചെയ്യും.
2023 ഡിസംബർ ഏഴു മുതൽ മുതൽ ജനുവരി ഒമ്പതു വരെ 285 പരാതികൾ അമാൻ വഴി കൈകാര്യം ചെയ്തിട്ടുണ്ട്. ഈ പരാതികളുടെ മൂല്യം 495.973 ദീനാർ (ഏകദേശം 1.62 മില്യൺ യു.എസ് ഡോളർ) ആയി കണക്കാക്കിയിട്ടുണ്ടെന്നും അവ ഉടമകൾക്ക് തിരികെ അയക്കുന്നതിനായി സൂക്ഷിച്ചിട്ടുണ്ടെന്നും സൂചിപ്പിച്ചു.
ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്ത ആളുകളോട് ഉടൻ ബാങ്കുമായി ബന്ധപ്പെടാനും പരാതി സമർപ്പിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തു. രാജ്യത്ത് സൈബർ തട്ടിപ്പ് അടുത്തിടെ വ്യാപകമായിരുന്നു. പ്രത്യേക ലിങ്കുകൾ വഴി ഉടമകൾ അറിയാതെ പണം തട്ടലാണ് പ്രധാന തട്ടിപ്പ്. ഇത്തരം തട്ടിപ്പിനിരയാകുന്നവർക്ക് ഉടനടി പരാതിപ്പെട്ടാൽ ഇനി മുതൽ ‘അമാൻ’ ഇടപെടും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു