ചെന്നൈ: മകനും യുവജനക്ഷേമ മന്ത്രിയുമായ ഉദയനിധി ഉപമുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തകള്‍ തള്ളി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. മകനെ കുറിച്ചുള്ള പ്രചാരണം അഭ്യൂഹം മാത്രമാണെന്ന് ഡി.എം.കെ പ്രവര്‍ത്തകര്‍ക്കുള്ള പൊങ്കല്‍ ആശംസാ സന്ദേശത്തില്‍ സ്റ്റാലിൻ വ്യക്തമാക്കി.
തനിക്ക് ആരോഗ്യ സംബന്ധിയായ പ്രശ്നങ്ങളുണ്ടെന്നാണ് എതിരാളികള്‍ ആദ്യം പ്രചരിപ്പിച്ചത്. അത് പരാജയപ്പെട്ടതോടെയാണ് ഉദയനിധിയുടെ കാര്യം ഉയര്‍ത്തിയത്. ഡി.എം.കെ യുവജന സമ്മേളനത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനാണിതെല്ലാം. എതിരാളികളുടെ ഇത്തരം നീക്കങ്ങളില്‍ ജാഗ്രത വേണമെന്ന് സ്റ്റാലിൻ പറഞ്ഞു. ജനുവരി 21ന് സേലത്താണ് ഡി.എം.കെ യൂത്ത് വിങ് കോണ്‍ഫറൻസ് നടക്കുന്നത്.