തിരുവനന്തപുരം: എം.ടി.വാസുദേവൻ നായരുടെ വിമർശനം ആരെ ഉദേശിച്ചാണെന്നതിൽ തനിക്കൊരു സംശയവുമില്ലെന്ന് ശശി തരൂർ എംപി.
ഒരാൾ തിരുവനന്തപുരത്ത് ഇരിക്കുന്നുണ്ട്, മറ്റൊരാൾ ഡൽഹിയിലും ഇരിക്കുന്നുണ്ട്. രാഷ്ട്രീയത്തിൽ ഭക്തി ഒരു അപകടമാണെന്ന് അംബേദ്കർ പ്രഖ്യാപിച്ച കാര്യമാണ്. അംബേദ്കറിന്റെ അതേ കാര്യം തന്നെയാണു എം.ടി.വാസുദേവൻ നായർ പറഞ്ഞതെന്നും തരൂർ പറഞ്ഞു.
‘‘ദൈവത്തെ പോലെ രാഷ്ട്രീയ നേതാവിനു ജനങ്ങൾ ഭക്തി കൊടുക്കുന്നത് അർഥമില്ലാത്ത കാര്യമാണ്. എഴുത്തുകാർക്ക് എല്ലാ വിഷയത്തെക്കുറിച്ചും സംസാരിക്കാൻ അവകാശമുണ്ട്. നമ്മുടെ സമൂഹത്തിൽ കാണുന്ന കാര്യങ്ങളെക്കുറിച്ചാണ് എഴുതുന്നത്. അഭിപ്രായമുണ്ടെങ്കിൽ എഴുതാം. പണ്ടുകാലത്ത് പറഞ്ഞതുതന്നെ പറയാൻ തോന്നിയാൽ അതിന്റെ തുടരുന്ന പ്രാധാന്യം കണ്ടിട്ടാവുമല്ലോ പറയുന്നത്’’–തരൂർ പറഞ്ഞു.
കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തിൽ മുഖ്യാതിഥിയായി എംടി നടത്തിയ പ്രസംഗമാണ് ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയത്. ഭരണാധികാരി എറിഞ്ഞുകൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്ന് എംടി പറഞ്ഞു.
അധികാരം ആധിപത്യമോ സർവാധിപത്യമോ ആകാമെന്നതാണ് എവിടെയും സ്ഥിതി. അധികാരം ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തം പണ്ടേ കുഴിവെട്ടി മൂടി എന്നും അദ്ദേഹം പറഞ്ഞു.