കുവൈത്ത്സിറ്റി: ഒന്നിനോടുള്ള ആഴത്തിലുള്ള ഇഷ്ടം അതിനുമേൽ വിജയം നേടാൻ കഴിയും എന്നത് ഒരു യാഥാർഥ്യമാണ്. അറബി അക്ഷരങ്ങളോടും കാലിഗ്രഫിയോടും ഖുർആനുമായും ഉള്ള ഇഷ്ടത്തിലൂടെ സിയ ബിൻത് അനസ് എത്തിയിരിക്കുന്നത് അത്തരം ഒരു വിജയത്തിലാണ്; ഖുർആൻ കൈയെഴുത്തുപ്രതി പൂർത്തിയാക്കുക എന്ന അപൂർവ നേട്ടത്തിൽ. ഒന്നരവർഷം എടുത്താണ് മനോഹരമായ രൂപത്തിൽ സിയ ഖുർആൻ കൈയെഴുത്ത്പ്രതി പൂർത്തിയാക്കിയത്. പ്രിന്റ് ഖുർആന് തുല്യമായ രീതിയിലാണ് അധ്യായങ്ങളുടെയും പേജുകളുടെയും രൂപ കൽപനയും.
അറബി ഭാഷയിൽ അതീവ താൽപര്യമുള്ള സിയ കാലിഗ്രഫിയിൽ നിരവധി വർക്കുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഖുർആൻ പകർത്തി എഴുതാനുള്ള താൽപര്യം വന്നതും ഇതിൽനിന്നാണ്. നാട്ടിൽനിന്ന് കട്ടിയുള്ള പേപ്പർ എത്തിച്ചാണ് എഴുത്ത് ആരംഭിച്ചത്. കറുത്ത ജെൽ പേനകൊണ്ട് എഴുത്താരംഭിച്ചു. അല്ലാഹുവിന്റെ പേര് വരുന്നിടത്ത് ചുവപ്പും ആയത്തുകളുടെ നമ്പർ പച്ച മഷികളിലും രേഖപ്പെടുത്തിയപ്പോൾ മനോഹരമായ ഖുർആൻ പതിപ്പായി. ബൈന്റിങ്ങിനും കവർ ഡിസൈനിങ്ങിനും മാത്രമാണ് സിയ പുറത്തുള്ളവരെ ആശ്രയിച്ചത്.അക്ഷരങ്ങളുടെ ലോകത്ത് തുടരണമെന്നാണ് സിയയുടെ തുടർ ആഗ്രഹവും.
പ്ലസ്ടു പൂർത്തിയാക്കിയ സിയ ഖുർആനുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉപരിപഠനത്തിന് തയാറെടുക്കുകയാണ്. കുവൈത്തിൽ ജോലിചെയ്യുന്ന കണ്ണൂർ വളപട്ടണം സ്വദേശി പിതാവ് അനസും മാതാവ് ഫർസാനയും മകളുടെ എല്ലാ ആഗ്രഹങ്ങൾക്കും സന്തോഷത്തോടെ കൂട്ടുനിൽക്കുന്നു. കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ഖുർആൻ കൈയെഴുത്തുപ്രതിയുടെ പ്രദർശനവും സിയയെ ആദരിക്കലും ഒരുക്കിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 10.30 ന് ഫഹാഹീൽ ദാറുൽ ഖുർആൻ ഓഡിറ്റോറിയത്തിലാണ് പരിപാടി. കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ, ഇസ്ലാഹി സെന്റർ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു