മനാമ: സാമ്പത്തികവളർച്ചയെ ത്വരിതപ്പെടുത്താൻ സഹായകരമായ വ്യാപാരക്കരാറുകളിൽ ബഹ്റൈൻ, യു.എ.ഇ, ജോർഡൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഒപ്പുവെച്ചു. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മൊത്ത ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിനും സഹായിക്കുന്ന രീതിയിൽ 2.2 ബില്യൺ ഡോളറിന്റെ പങ്കാളിത്ത കരാറുകളാണിത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ പ്രതിനിധാനംചെയ്ത് ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ചടങ്ങിൽ പങ്കെടുത്തു.
ബഹ്റൈൻ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു, യു.എ.ഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ ബിൻ അഹ്മദ് അൽ ജാബിർ, ജോർഡൻ വ്യവസായ, വ്യാപാര, വിതരണ മന്ത്രി യൂസുഫ് മഹ്മൂദ് അൽ ഷമാലി, ഈജിപ്ത് വ്യവസായ വാണിജ്യ മന്ത്രി അഹ്മദ് സമീർ സലേ, മൊറോക്കോ വ്യവസായ-വാണിജ്യ മന്ത്രി റിയാദ് മെസോർ എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.
ആൽബയും ജോർഡനിലെ മാനസീർ ഗ്രൂപ്പും 20 മില്യൺ ഡോളറിന്റെ ധാരണപത്രത്തിൽ ഒപ്പുവെച്ചു. പ്രതിവർഷം 13,000 ടൺ അലൂമിനിയം ഫ്ലൂറൈഡ് വിതരണം ചെയ്യുന്നതിനുള്ള കരാറാണിത്. സിലിക്ക വിതരണത്തിനായി ജോർഡൻ ഫോസ്ഫേറ്റ് മൈനുമായി, ആൽബ 66 മില്യൺ ഡോളറിന്റെ ധാരണപത്രവും ഒപ്പുവെച്ചു.
ബഹ്റൈൻ സ്റ്റീൽ, എമിറേറ്റ്സ് സ്റ്റീലുമായി 2 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചു.അഞ്ച് വർഷത്തിനുള്ളിൽ 2 മില്യൺ ടൺ അസംസ്കൃത വസ്തുക്കൾ എമിറേറ്റ്സ് സ്റ്റീൽ വാങ്ങും. ബഹ്റൈനിലെ വ്യവസായ, വാണിജ്യ മന്ത്രാലയവും യു.എ.ഇ വ്യവസായ മന്ത്രാലയവും തമ്മിൽ പ്രാദേശിക സഹകരണം സംബന്ധിച്ച ധാരണപത്രവും ഒപ്പുവെച്ചു.
അംഗരാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയുടെ സുസ്ഥിരതക്ക് സംഭാവന നൽകുന്ന സംയോജിത വ്യവസായിക പങ്കാളിത്തത്തിൽ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പ്രത്യാശ പ്രകടിപ്പിച്ചു. അറബ് രാജ്യങ്ങൾ തമ്മിലുള്ള വ്യവസായിക പങ്കാളിത്തത്തിന് ബഹ്റൈൻ എന്നും മുൻഗണന നൽകും. സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും അന്തർവ്യാപാരവും മത്സരശേഷിയും വർധിപ്പിക്കുന്നതിനും വിവര സാങ്കേതിക വിദ്യകളിലെ അനുഭവങ്ങൾ കൈമാറാനും കരാർ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു