ഡൽഹി:ഗുഡ്ഗാവില്‍ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ട മോഡലിന്റെ മൃതദേഹം ഒടുവില്‍ കണ്ടെത്തി. ജനുവരി രണ്ടാംതിയതി കൊല്ലപ്പെട്ട ദിവ്യ പഹൂജയുടെ മൃതദേഹമാണ് ഹരിയാനയിലെ കനാലിലാണ് കണ്ടെത്തിയത്.പഞ്ചാബിലെ ബക്ര കനാലില്‍ വലിച്ചെറിഞ്ഞ മൃതദേഹം ഒഴുകി അടുത്ത സംസ്ഥാനത്ത് എത്തിയെന്നാണ് സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നത്. ഗുരുഗ്രാം പൊലീസ് സംഘമാണ് ഹരിയാനയിലെ തോഹ്നയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞതായാണ് ഗുരുഗ്രാം പൊലീസ് വിശദമാക്കുന്നത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് വ്യക്തമാക്കി.
കേസിലെ കുറ്റാരോപിതരിലൊരാള്‍ മൃതദേഹം വലിച്ചെറിഞ്ഞ സ്ഥലത്തേക്കുറിച്ച് ഇന്നലെയാണ് കുറ്റസമ്മതം നടത്തിയത്. ജനുവരി 3നാണ് മൃതദേഹം വലിച്ചെറിഞ്ഞതെന്നാണ് പ്രതികളിലൊരാള്‍ വിശദമാക്കിയത്. വിമാനത്തില്‍ കയറിക്കൂടാനുള്ള ശ്രമത്തിനിടയിലാണ് ബല്‍രാജ് ഗില്‍ എന്നയാളെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. ദിവ്യയുടെ മൃതദേഹം കൊലപാതകികള്‍ വലിച്ചിഴച്ച് കൊണ്ട് പോയി കാറിലിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിരുന്നു. 27കാരിയായ മോഡലിനെ അഞ്ച് പേര്‍ ചേര്‍ന്നാണ് ഹോട്ടല്‍ മുറിയില്‍ എത്തിച്ചത്. തലയില്‍ വെടിയേറ്റാണ് ദിവ്യ കൊല്ലപ്പെട്ടത്. ഹോട്ടല്‍ ഉടമയെ ബ്ലാക്ക് മെയില്‍ ചെയ്തതിന് പിന്നാലെയായിരുന്നു കൊലപാതകമെന്നാണ് സംശയിക്കുന്നത്.
സിറ്റി പോയിന്റ് ഹോട്ടലില്‍ വച്ച് രണ്ടാം തീയതിയാണ് ദിവ്യ പഹുജ കൊല്ലപ്പെട്ടത്. അന്ന് പുലര്‍ച്ചെ നാലു മണിയോടെ സിറ്റി പോയിന്റ് ഹോട്ടലിന്റെ ഉടമയായ അഭിജിത്തും ദിവ്യയും മറ്റൊരാളും ഹോട്ടലിലെ 111-ാം നമ്ബര്‍ മുറിയില്‍ കയറുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. അന്ന് രാത്രി 10:45ന് മൂന്ന് പേര്‍ ദിവ്യയുടെ മൃതദേഹം വലിച്ചിഴക്കുന്നതും ഷീറ്റില്‍ പൊതിഞ്ഞ് ഹോട്ടലില്‍ നിന്ന് ബിഎംഡബ്ല്യു കാറിലേക്ക് കയറ്റുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ദിവ്യയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഭിജിത്ത് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് സന്ദീപ് ഗഡോളിയുടെ സഹോദരി സുധേഷ് കടാരിയയും സഹോദരന്‍ ബ്രഹ്മപ്രകാശും ചേര്‍ന്ന് അഭിജിത്തിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് ദിവ്യയുടെ കുടുംബത്തിന്റെ പരാതി.മുംബൈയില്‍ നടന്ന വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സന്ദീപിന്റെ കാമുകിയായിരുന്നു ദിവ്യ.
2016 ഫെബ്രുവരി ഏഴിനാണ് മുംബൈയിലെ ഒരു ഹോട്ടലില്‍ നടന്ന വെടിവെപ്പില്‍ സന്ദീപ് കൊല്ലപ്പെട്ടത്. സന്ദീപ് ആക്രമിക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് സ്വയരക്ഷയ്ക്ക് വേണ്ടി വെടിവച്ച് കൊന്നെന്നുമായിരുന്നു മുംബൈ പൊലീസിന്റെ ഭാഷ്യം. എന്നാല്‍ നിരായുധനായിരുന്ന സന്ദീപിനെ പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നതാണെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. സന്ദീപ് കൊല്ലപ്പെടുമ്പോൾ ദിവ്യയും അതേ ഹോട്ടല്‍ മുറിയിലുണ്ടായിരുന്നു. തുടര്‍ന്നാണ് സന്ദീപിനെ കൊല്ലാന്‍ സഹായിച്ചെന്ന കേസില്‍ ദിവ്യയെയും പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഏഴു വര്‍ഷം ജയിലില്‍ കിടന്ന ദിവ്യയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം ലഭിച്ചത് 2023 ജൂണിലാണ്. ജാമ്യം ലഭിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് കൊല്ലപ്പെട്ടത്.