മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനി എക്സാലോജിക്കിന്റെ പ്രവര്‍ത്തനത്തില്‍ ദുരൂഹത തോന്നുന്നതുകൊണ്ടാവാം കൂടുതല്‍ അന്വേഷണങ്ങളിലേക്ക് ഏജന്‍സികള്‍ കടക്കുന്നതെന്ന് മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. വീണയ്ക്കായി പ്രതിരോധം തീര്‍ത്ത സിപിഎമ്മിന് ഇപ്പോള്‍ എന്താണ് പറയാന്‍ ഉള്ളതെന്ന് എംഎല്‍എ ചോദിച്ചു.
ക്രമക്കേടുകള്‍ക്ക് വ്യവസായവകുപ്പ് കൂട്ടുനിന്നതായി അനുമാനിക്കണം. പി.രാജീവും മറുപടി പറയണം. കേന്ദ്ര അന്വേഷണത്തില്‍ അമിതാവേശമില്ലെന്നും കുഴല്‍നാടന്‍ പറഞ്ഞു.കമ്പനിക്കെതിരെ നിരവധി ആരോപണങ്ങളുമായി മാത്യു കുഴല്‍നാടന്‍ നേരത്തെ രംഗത്തെതിയിരുന്നു.
കെഎസ്ഐഡിസിയും അന്വേഷണ പരിധിയില്‍ വരുന്നത് ഗുരുതരമെന്ന് പി.സി.വിഷ്ണുനാഥ് പറഞ്ഞു. അന്വേഷണം കോണ്‍ഗ്രസ് ഉന്നയിച്ച ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്നതാണ്. ഈ അന്വേഷണം എത്രത്തോളം മുന്നോട്ടുപോകും എന്നു കണ്ടറിയണമെന്നും അദ്ദേഹം പറഞ്ഞു.
എക്സാലോജിക്കിനെതിരെ കേന്ദ്ര കോർപറേറ്റ് കാര്യമന്ത്രാലയമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സിഎംആർഎലും കെഎസ്ഐഡിസിയും അന്വേഷണ പരിധിയിലുണ്ട്. രാഷ്ട്രീയ- ട്രേഡ് യൂണിയൻ നേതാക്കൾക്കും ഉദ്യോഗസ്ഥ മേധാവികൾക്കും 135 കോടി രൂപ നിയമവിരുദ്ധമായി കൈമാറിയെന്ന ആദായ നികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിനെത്തുടർന്ന് സിഎംആർഎലിനും കെഎസ്ഐഡിസിക്കും കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയം കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു.
കമ്പനികാര്യ റജിസ്ട്രാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് കേന്ദ്രസർക്കാർ തീരുമാനം. ഡപ്യൂട്ടി റജിസ്ട്രാർ ബി.എസ് വരുൺ, ഡപ്യൂട്ടി ഡയറക്ടർ കെ.എം ശങ്കര നാരായൺ, റിജസ്ട്രാർ എ ഗോകുൽനാഥ് എന്നിവർ പരിശോധിക്കും. നാല് മാസത്തിനകം റിപ്പോർട്ട് നൽകണം.