തിരുവനന്തപുരം: ഗോപാലസുന്ദരം നാരായണ അയ്യര്‍ രാമചന്ദ്രനെന്ന ഡോ. ജി.എന്‍ രാമചന്ദ്രന്റെ സംഭാവനകളെ കുറിച്ച് പുതിയ തലമുറ വേണ്ടത്ര ബോധവാന്മാരല്ലെന്ന് കൗണ്‍സില്‍ ഓഫ് സയന്റിഫിക് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ശേഖര്‍ സി മാണ്ഡെ അഭിപ്രായപ്പെട്ടു.
സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ശാസ്ത്രജ്ഞരില്‍ പ്രമുഖനും ഗവേഷണ മേഖലയില്‍ സി വി .രാമന്റെ പാരമ്പര്യം പേറുന്ന ശാസ്ത്രജ്ഞനുമാണ് അദ്ദേഹം. ശാസ്ത്രമേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണെന്നും മാണ്ഡെ പറഞ്ഞു.
കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് (കെഎസ്സിഎസ്ടിഇ) യുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) യില്‍ സംഘടിപ്പിച്ച ഡോ.ജി എന്‍. രാമചന്ദ്രന് അനുസ്മരണ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെബ്രുവരി 8 മുതല്‍ 11 വരെ കാസര്‍കോട്ട് നടക്കുന്ന മുപ്പത്തിയാറാമത് കേരള സയന്‍സ് കോണ്‍ഗ്രസിന് മുന്നോടിയായാണ് പ്രഭാഷണം സംഘടിപ്പിച്ചത്.
എക്സ്റേ ക്രിസ്റ്റലോഗ്രാഫിക്കു പുറമേ പോളിപെപ്റ്റൈഡ് സ്റ്റീരിയോ കെമിസ്ട്രി, ടോമോഗ്രാഫി, ബയോഫിസിക്സ് തുടങ്ങിയ നിരവധി നവീന ശാസ്ത്രശാഖകളില്‍ മൗലിക സംഭാവനകള്‍ നല്കിയ ജി.എന്‍. രാമചന്ദ്രന് നൊബേല്‍ സമ്മാനം ലഭിക്കാതെ പോയത് തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും മാണ്ഡെ പറഞ്ഞു.
സി വി. രാമന്റെ ശിഷ്യനായിരുന്നു അദ്ദേഹം. സി.വി. രാമന്റെ പ്രസിദ്ധമായ രാമന് ഇഫക്ട് പോലെ ശാസ്ത്രലോകം വിലമതിക്കുന്ന ഡോ.ജി എന്‍. രാമചന്ദ്രന്റെ ‘രാമചന്ദ്രന് മാപ്പ്’ / ‘രാമചന്ദ്രന് പ്ലോട്ട്’ ശാസ്ത്രകുതുകികള്‍ക്കും ഗവേഷകര്‍ക്കുമുള്ള വഴികാട്ടിയാണ്.
പല്ല്, ത്വക്ക്, പേശികള്‍ തുടങ്ങിയവയില്‍ കാണപ്പെടുന്നതും മനുഷ്യ ശരീരത്തില്‍ 30 ശതമാനത്തിലധികം അടങ്ങിയിട്ടുള്ളതുമായ അതിപ്രധാന പ്രോട്ടീനാണ് കൊളാജന്‍.
ഇവയുടെ ട്രിപ്പിള്‍ ഹെലിക്കല്‍ ഘടന കണ്ടെത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച ജി എന്‍. രാമചന്ദ്രനെ ശാസ്ത്രലോകത്തിന് വിസ്മരിക്കാന്‍ കഴിയില്ല. ശാസ്ത്ര മേഖലയില്‍ അത്രത്തോളം സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന കണ്ടുപിടിത്തമായിരുന്നതിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവശാസ്ത്ര മേഖലകളിലെ ഗവേഷണത്തില്‍ മുന്‍നിരക്കാരനായിരുന്നു ഡോ.ജി.എന്‍.രാമചന്ദ്രനെന്ന് കെഎസ്സിഎസ്ടിഇ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും 36-ാമത് കെഎസ്സിന്റെ പ്രസിഡന്റുമായ പ്രൊഫ.കെ.പി.സുധീര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
കെഎസ്സിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന നാല് സ്മാരക പ്രഭാഷണങ്ങളില്‍ ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രമേഖലകളില്‍ മായാത്ത മുദ്ര പതിപ്പിച്ച കേരളത്തില്‍ ജനിച്ച പ്രഗത്ഭരായ ശാസ്ത്രജ്ഞരെ ജനങ്ങളുടെ മനസിലേക്ക് കൊണ്ടുവരാന്‍ ഇത് സഹായകമാകും.
ശാസ്ത്രരംഗത്ത് വളരെ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടും ജി എന്‍. രാമചന്ദ്രന് നൊബേല്‍ സമ്മാനം ലഭിക്കാതിരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ശാസ്ത്രലോകം അഭിപ്രായപ്പെടുന്നതായി ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു.
ജെയിംസ് വാട്ട്സണും, ഫ്രാന്‍സിസ് ക്രിക്കും ഡി.എന്‍.എ.യുടെ ഘടന കണ്ടെത്തിയ സമയത്തു തന്നെയാണ് ജി.എന്‍ രാമചന്ദ്രനും സഹഗവേഷകന് കര്‍ത്തായും കൊളാജന്റെ ട്രിപ്പിള്‍ ഹെലിക്സ് ഘടനയെ സംബന്ധിച്ച കണ്ടെത്തല്‍ ശാസ്ത്രലോകത്ത് അവതരിപ്പിച്ചത്. കംപ്യൂട്ടഡ് ടോമോഗ്രാഫിയുടെ (സിടി) പിതാവ് കൂടിയാണ് അദ്ദേഹം.
ഭൗതികശാസ്ത്രജ്ഞനായ സി.വി. രാമനുമായുള്ള സംസര്‍ഗത്തിലൂടെയാണ് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് മേഖലയില്‍ നിന്ന് ബയോഫിസിക്സിലേക്ക് ജി എന്‍. രാമചന്ദ്രന് ചുവടുമാറ്റിയത്.
ഏത് മേഖലയും ഒരു ഗവേഷകന് പിന്തുടരാന് കഴിയുമെന്ന് അദ്ദേഹത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നെന്നും പ്രൊഫ. ചന്ദ്രഭാസ് നാരായണ കൂട്ടിച്ചേര്‍ത്തു.
കെഎസ്സിഎസ്ടിഇ മെമ്പര്‍ സെക്രട്ടറിയും 36-ാമത് കെഎസ്സി ജനറല്‍ കണ്‍വീനറുമായ ഡോ.എസ്.പ്രദീപ് കുമാര്‍ സ്വാഗതവും കെ.എസ്.സി.എസ്.ടി.യിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും ഫോക്കല്‍ തീം ആന്‍ഡ് മെമ്മോറിയല്‍ ലക്ചര്‍ കണ്‍വീനറുമായ ഡോ.ബിനുജ തോമസ് നന്ദിയും പറഞ്ഞു.