വാഷിങ്ടൺ: യമനിലെ ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് തുടർച്ചയായ രണ്ടാംദിനവും അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തിൽ കനത്ത ആക്രമണം. തലസ്ഥാനമായ സന ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് വെള്ളിയാഴ്ച രാത്രി വ്യോമാക്രമണം നടത്തിയത്.
സനയിലെ വ്യോമതാവളത്തിനുനേരെയും തീരദേശ നഗരമായ ഹൊദൈദയിലും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്. ചെങ്കടലിൽ ചരക്കുകപ്പലുകൾക്കുനേരെ നടത്തുന്ന ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തിൽ സംയുക്ത ആക്രമണം നടത്തുന്നത്. ഹൂതികളുടെ കമാൻഡ് സെന്ററുകൾ, ആയുധ ഡിപ്പോകൾ, വ്യോമപ്രതിരോധ സംവിധാനം തുടങ്ങിയ 16 കേന്ദ്രങ്ങളിൽ വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണത്തിൽ അഞ്ച് ഹൂതി വിമതർ കൊല്ലപ്പെടുകയും ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ 48 മണിക്കൂറിനിടെ യെമനിൽ 73 ബോംബുകൾ പതിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും ഹൂതി വിമതർ അറിയിച്ചു. അതേസമയം, ചെങ്കടലിലൂടെ കടന്നുപോകുന്ന ഇസ്രായേൽ ബന്ധമുള്ള ചരക്കു കപ്പലുകൾക്കെതിരെ ആക്രമണം തുടരുമെന്ന് ഹൂതികൾ അറിയിച്ചു. സ്വന്തം സൈനികരെയും അന്താരാഷ്ട്ര ചരക്കുനീക്കവും സംരക്ഷിക്കുന്നതിന് കൂടുതൽ ആക്രമണത്തിന് മടിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു.
സ്വയംപ്രതിരോധത്തിനുള്ള പരിമിതവും അനിവാര്യവുമായ ആക്രമണമാണ് നടത്തിയതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. നെതർലൻഡ്സ്, ആസ്ട്രേലിയ, കാനഡ, ബഹ്റൈൻ എന്നീ രാജ്യങ്ങളും ആക്രമണത്തിന് സഹായം നൽകിയതായി ജോ ബൈഡൻ പറഞ്ഞു. ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിനു പിന്നാലെയാണ് ചെങ്കടലിൽ ചരക്കുകപ്പലുകൾക്കുനേരെ ഹൂതികൾ ആക്രമണം തുടങ്ങിയത്.
ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്കുനേരെയാണ് ആക്രമണമെന്ന് ഹൂതികൾ അവകാശപ്പെടുന്നു. എന്നാൽ, ഇസ്രായേൽ ബന്ധമില്ലാത്ത നിരവധി കപ്പലുകൾക്കുനേരെയും ആക്രമണമുണ്ടായി. യമനിലെ ആക്രമണത്തിനു പിന്നാലെ, സംയമനം പാലിക്കണമെന്ന നിർദേശവുമായി സൗദി അറേബ്യ രംഗത്തെത്തി. വ്യോമാക്രമണത്തെ ഒമാനും അപലപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു