ഓക്ലൻഡ്: ട്വന്റി20 ക്രിക്കറ്റിൽ ഷഹീൻ അഫ്രീദി നായകനായി അരങ്ങേറ്റം കുറിച്ച മത്സരത്തിൽ പാകിസ്താന് തോൽവി. പരമ്പരയിലെ ആദ്യ മത്സരത്തിൽ 46 റൺസിനാണ് ന്യൂസിലൻഡ് തോൽപിച്ചത്.
മൂന്നു വിക്കറ്റ് നേടിയെങ്കിലും അഫ്രീദി ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത മറ്റൊന്നുകൂടി ഓക്ലൻഡ് സ്റ്റേഡിയത്തിൽ സംഭവിച്ചു. തന്റെ കരിയറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ഓവറാണ് താരം എറിഞ്ഞത്. താരത്തിന്റെ രണ്ടാം ഓവറിൽ കിവീസിന്റെ ഫിൻ അലൻ 24 റൺസാണ് അടിച്ചെടുത്തത്. ആദ്യം ബാറ്റു ചെയ്ത് ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 226 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ 18 ഓവറിൽ 180 റൺസെടുക്കുന്നതിനിടെ ഓൾഔട്ടായി. 27 പന്തുകളിൽനിന്ന് 61 റൺസെടുത്ത ഡാരിൽ മിച്ചലാണു കളിയിലെ താരം.
ന്യൂസീലൻഡിനായി ക്യാപ്റ്റൻ കെയ്ൻ വില്യംസനും അർധ സെഞ്ച്വറി നേടി. 42 പന്തുകൾ നേരിട്ട വില്യംസൻ 57 റണ്സെടുത്താണു പുറത്തായത്. പാകിസ്താന്റെ മുൻനിര ബാറ്റർമാർ ഗംഭീരമായി തുടങ്ങിയെങ്കിലും പിന്നീട് വന്നവർക്ക് പിടിച്ചുനിൽക്കാനായില്ല. ഓപ്പണർ സയിം അയൂബ് വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്.
എട്ട് പന്തുകളിൽ 27 റൺസാണ് താരം നേടിയത്. മൂന്ന് സിക്സുകളും രണ്ട് ഫോറുകളും. സ്കോർ 33ൽ നിൽക്കെ അയൂബ് റൺഔട്ടായത് തിരിച്ചടിയായി. മുഹമ്മദ് റിസ്വാൻ 25 റൺസെടുത്തു. അർധ സെഞ്ച്വറി നേടിയ ബാബർ അസമാണു അവരുടെ ടോപ് സ്കോറർ. പിന്നീട് വന്നവരെല്ലാം വേഗത്തിൽ മടങ്ങി. ടിം സൗത്തി നാലു വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഓവറിലെ രണ്ടാമത്തെ പന്തിൽ തന്നെ ഷഹീൻ അഫ്രീദി ഡെവോൺ കോൺവേയുടെ വിക്കറ്റെടുത്തു. ആ ഓവറിൽ ഒരു റൺ മാത്രമാണ് താരം വിട്ടുകൊടുത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു