ഫുജൈറയില്‍ അവയവദാന കാമ്പയിൻ പ്രചാരണോദ്ഘാടനം

ഫുജൈറ: യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ‘ഹയാത്ത്’ സംഘടനയുമായി ചേർന്ന് ഗ്രീൻ ലൈഫിന്റെ നേതൃത്വത്തില്‍ അവയവദാന കാമ്പയിനിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഫുജൈറയിൽ നടന്നു. ഫുജൈറ അൽ ഹൈൽ മീഡിയ പാർക്കിൽ നടന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം യു.എ.ഇ മുൻ പരിസ്ഥിതി ജല മന്ത്രി ഡോ. മുഹമ്മദ് സയീദ് അൽ കിണ്ടി നിർവഹിച്ചു.

യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിന്‍റെ ഹയാത്ത് ചാമ്പ്യനും കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനുമായ ഫാ. ഡേവിസ് ചിറമേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മതമോ ജാതിയോ ഒന്നും നോക്കാതെ എല്ലാവരും മനുഷ്യത്വം എന്ന അസ്തിത്വത്തിൽ നിന്ന് കൊണ്ട് നല്ല മനുഷ്യൻ ആവാൻ ശ്രമിക്കണമെന്നും അവയവദാനത്തിന് സന്നദ്ധരാവണമെന്നും അധ്യക്ഷ പ്രസംഗത്തിൽ ഫാദർ ഡേവിഡ് ചിറമേൽ സൂചിപ്പിച്ചു. അവയവ ദാനത്തിന് യു.എ.ഇ നൽകുന്ന പ്രാധാന്യത്തെയും പിന്തുണയെയും അദ്ദേഹം പ്രശംസിച്ചു.

ഫുജൈറ ഭരണാധികാരിയുടെ പ്രൈവറ്റ് അഫയേര്‍സ് ഡിപ്പാര്‍ട്ട്മെന്റ് മേധാവിയും കെ.എം.സി.സി യു.എ.ഇ പ്രസിഡന്റുമായ ഡോ. പുത്തൂർ റഹ്മാൻ, ഫുജൈറ ഹോസ്പിറ്റല്‍ സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ ഡോ.മോനി കെ വിനോദ്, മിഡിൽ ഈസ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ സജി ചെറിയാൻ, ഫാദർ ഏബ്രഹാം വർഗീസ് എന്നിവര്‍ ആശംസകള്‍ നേർന്നു.

ഫുജൈറയിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളായി 150 ഓളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ ഭൂരിപക്ഷം പേരും അവയവ ദാനത്തിന് സന്നദ്ധരായി പേര് രജിസ്റ്റർ ചെയ്തു. ജോസ് കോതൂര്‍, സിബിച്ചന്‍ ജോസഫ്‌, ഡോ.ജോബി ജോര്‍ജ്, ജിനിഷ് വര്‍ഗീസ്‌, ജോവിന്‍ ജോബ്‌ എന്നിവര്‍ നേതൃത്വം നല്‍കിയ പരിപാടിക്ക് ബിനു കോശി സ്വാഗതവും അനീഷ്‌ മുക്കത് നന്ദിയും പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു