ലണ്ടൻ: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം കൊണ്ട് പൊതുരംഗത്തെ നിറ സാനിധ്യവുമായ ശ്രീ. രാഹുൽ മാങ്കൂട്ടത്തിലിനെ കള്ള കേസ് ചുമത്തി അറസ്റ്റ് ചെയ്ത നടപടിയിൽ വോയിസ് ഓഫ് കോൺഗ്രസ് (യുകെ) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വിലകുറഞ്ഞ രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിൽ രാഷ്ട്രീയ എതിരാളികൾക്കെതിരെ പിണറായി ഭരണകൂടം സ്വീകരിക്കുന്ന നെറികെട്ട ഫാസിസ്റ്റ് സമീപനത്തിന്റെ ഉത്തമ ഉദാഹരണമാണ് രാഹുലിന്റെ ഒരിക്കലും നീതികരിക്കാനാവാത്ത അറസ്റ്റ്. ഭരണ പാർട്ടിയുടെ പിടികിട്ടാപുള്ളിയായ യുവജന നേതാവ് പോലീസ് സംരക്ഷണത്തിൽ പകൽ വെളിച്ചത്തിൽ വിഹരിക്കുമ്പോൾ, യാതൊരു പ്രകോപനവും കൂടാതെ നേരം വെളുക്കും മുമ്പ് സ്വന്തം കിടപ്പു മുറിയിൽ നിന്നും രാഹുലിനെ കള്ള കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത്, പിണറായി വിജയന്റെ ആഭ്യന്തര വകുപ്പ് രാഷ്ട്രീയ മാന്യത ലവലേശം കാണിക്കാതെ അസൂത്രിതമായി നടപ്പിലാക്കിയ നിഗൂഢ പ്രവർത്തിയുടെ ഭാഗമാണ് എന്ന് വോയ്സ് ഓഫ് കോൺഗ്രസ് ആരോപിച്ചു.
പ്രതിഷേധ യോഗത്തിൽ വോയിസ് ഓഫ് കോൺഗ്രസ് (യുകെ) ഭാരവാഹികളായ ഡോ. ജോഷി ജോസ്, ശ്രീ. റോമി കുര്യാക്കോസ്, ശ്രീ. സോണി ചാക്കോ, ശ്രീ. അപ്പച്ചൻ കണ്ണഞ്ചിറ, ശ്രീ. സന്തോഷ് ബഞ്ചമിൻ, ശ്രീ. തോമസ് ഫിലിപ്പ്, ശ്രീ. ജയ്സൺ മണവാളൻ, ശ്രീ. നെബു ജോയി തുടങ്ങിയവർ സംസാരിച്ചു.
എതിർ ചേരിയിൽ നിൽക്കുന്ന ജന പിന്തുണയുള്ള യുവ നേതാക്കളേയും പ്രവർത്തകരേയും അടിച്ചൊതുക്കുക്കി ഇല്ലാതാക്കുവാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ, യുവ നേതാക്കളെ കള്ള കേസുകൾ ചുമത്തി തുറുങ്കിലടച്ച് നിശബ്ദരാക്കാമെന്നും അവരുടെ മനോവീര്യം തകർക്കാമെന്നുമുള്ള ഇടതുപക്ഷത്തിന്റെ ശ്രമം ഇനി കേരളത്തിൽ വില പോവില്ല.
കോടതിയെയും ഭരണഘടനയെ പോലും വെല്ലുവിളിക്കുകയും ഇകഴ്ത്തുകയും ചെയ്യുന്ന മന്ത്രിമാരടക്കമുള്ള ഇടതു പക്ഷ ജനപ്രതിനിധികൾ, ഭരണ സ്വാധീനത്തിൽ ഇവിടെ സ്വയ്ര്യമായി വിഹരിക്കുമ്പോൾ ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട്, ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയത് കൊണ്ട് രാഹുലിനെതിരെ കേസ് എടുത്തത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതും തികച്ചും അപലപനീയവുമാണ് എന്ന് നേതാക്കൾ കൂട്ടിചേർത്തു.