അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ഉൾപ്പെടെ പ്രദർശനം നടത്തി കൈയ്യടി നേടിയ ആത്മവിശ്വാസത്തോടെയാണ് ‘ആട്ടം’ തിയേറ്ററുകളിൽ എത്തിയത്. മേളകളിൽ ലഭിച്ച അതേ സ്വീകരണംതന്നെയാണ് ചിത്രത്തിന് തിയേറ്ററുകളിൽനിന്നും ലഭിച്ചത്.
ഇപ്പോഴിതാ ചിത്രത്തിലെ താരങ്ങളേയും അണിയറ പ്രവർത്തകരേയും വീട്ടിലേക്ക് ക്ഷണിച്ച് അഭിനന്ദനമറിയിച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി.
ആട്ടം എന്ന ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ നടൻ വിനയ് ഫോർട്ട് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ആട്ടം ടീം അംഗങ്ങൾ മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ചിത്രവും വിനയ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതെല്ലാം തങ്ങൾക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറത്തുള്ള കാര്യമാണെന്ന് അദ്ദേഹം ചിത്രത്തിനൊപ്പം കുറിച്ചു.
മമ്മൂക്ക…ഈ കരുതലിനും സ്നേഹത്തിനും ഞങ്ങൾക്ക് തീർത്താൽ തീരാത്ത നന്ദിയാണ്. ആട്ടം മമ്മൂക്ക കണ്ടു. ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാവരോടും വീട്ടിലേക്ക് വരാൻ പറഞ്ഞു. ഓരോരുത്തരേയും നിറഞ്ഞ സന്തോഷത്തോടെ അഭിനന്ദിച്ചു.
ഞങ്ങൾക്കൊപ്പം നിറഞ്ഞ ചിരിയോടെ വേണ്ടുവോളം ഫോട്ടോകൾ എടുത്തു. ഇതെല്ലാം ഞങ്ങൾക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറമാണ്. കൈ തന്ന് ‘നല്ല സിനിമയാണ് ‘ എന്ന് സാക്ഷാൽ മമ്മൂക്ക പറഞ്ഞപ്പോൾ ഞങ്ങൾ വീണ്ടും ഓർത്തു – സുകൃതം ആട്ടം കാണാത്തവർ നിങ്ങളുടെ തൊട്ടടുത്ത തിയേറ്ററുകളിൽ കാണണം എന്ന് ഞങ്ങൾ എല്ലാവരും അതിയായി ആഗ്രഹിക്കുന്നു. വിനയ് ഫോർട്ട് കുറിച്ചു.
മമ്മൂട്ടിയ്ക്ക് സിനിമ കാണാൻ അവസരമൊരുക്കിയ നടൻ കലാഭവൻ ഷാജോണിന് നന്ദിപറഞ്ഞുകൊണ്ടാണ് വിനയ് ഫോർട്ട് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ജോയ് മൂവീ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗത സംവിധായകൻ ആനന്ദ് ഏകർഷിയാണ് ‘ആട്ടം’ സംവിധാനം ചെയ്തത്. നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഫിലിം ബസാർ ജൂറി അന്താരാഷ്ട്ര ഡെലിഗേറ്റുകൾക്കായി തെരെഞ്ഞെടുത്ത ഇരുപത് ചിത്രങ്ങളുടെ പട്ടികയിൽ ‘ആട്ടം’ വും ഇടം പിടിച്ചതോടെയാണ് ചിത്രം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
സെറിൻ ശിഹാബ്, വിനയ് ഫോർട്ട്, കലാഭവൻ ഷാജോൺ, നന്ദൻ ഉണ്ണി എന്നിവരോടൊപ്പം 9 പുതുമുഖങ്ങളും താരനിരയിലുണ്ട്.