മൊഹാലി: അഫ്ഗാനിസ്താനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാൻ 158 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 15 പന്തുകൾ ശേഷിക്കെ ലക്ഷ്യത്തിലെത്തി.
ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി (1-0). സ്കോർ: അഫ്ഗാൻ -20 ഓവറിൽ അഞ്ചു വിക്കറ്റിന് 158. ഇന്ത്യ -17.3 ഓവറിൽ നാലു വിക്കറ്റിന് 159. ഇടവേളക്കുശേഷം ടീമിൽ തിരിച്ചെത്തിയ ശിവം ദുബെയുടെ അർധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. 40 പന്തിൽ 60 റൺസുമായി താരം പുറത്താകാതെ നിന്നു. രണ്ടു സിക്സും അഞ്ചു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. 14 മാസത്തെ ഇടവേളക്കുശേഷം കുട്ടിക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ നായകൻ രോഹിത് ശർമ നിരാശപ്പെടുത്തി.
ആദ്യ ഓവറിലെ രണ്ടാമത്തെ പന്തിൽ തന്നെ പൂജ്യത്തിന് റണ്ണൗട്ടായി. ശുഭ്മൻ ഗിൽ 12 പന്തിൽ 23 റൺസെടുത്തും തിലക് വർമ 22 പന്തിൽ 26 റൺസെടുത്തും പുറത്തായി. ജിതേഷ് ശർമ 20 പന്തിൽ 31 റൺസെടുത്തു. റിങ്കു സിങ് ഒമ്പത് പന്തിൽ 16 റൺസുമായി പുറത്താകാതെ നിന്നു. അഫ്ഗാനിസ്താനായി മുജീബുർറഹ്മാൻ രണ്ടു വിക്കറ്റും അസ്മത്തുല്ല ഉമർസായി ഒരു വിക്കറ്റും നേടി.
നേരത്തെ, ടോസ് നേടിയ ഇന്ത്യ സന്ദർശകരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 27 പന്തിൽ 42 റൺസ് നേടിയ മുഹമ്മദ് നബിയാണ് അഫ്ഗാന്റെ ടോപ് സ്കോറർ. ഓപ്പണർമാരായ റഹ്മാനുല്ല ഗുർബാസും ഇബ്രാഹിം സദ്രാനും മികച്ച തുടക്കം നൽകി. ഇരുവരും ഒന്നാം വിക്കറ്റിൽ എട്ടു ഓവറിൽ 50 റൺസെടുത്തു. പിന്നാലെ 23 റൺസെടുത്ത ഗുർബാസിനെ അക്സർ പട്ടേലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ സ്റ്റംപ് ചെയ്ത് പുറത്താക്കി. തൊട്ടുപിന്നാലെ 25 റൺസെടുത്ത സദ്രാനെ ശിവം ദുബെയും മടക്കി. അസ്മത്തുല്ല ഒമർസായ് (22 പന്തിൽ 29), റഹ്മത്ത് ഷാ (ആറു പന്തിൽ മൂന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 19 റൺസുമായി നജീബുല്ല സദ്രാനും ഒമ്പത് റൺസുമായി കരീം ജനത്തും പുറത്താകാതെ നിന്നു. ഇന്ത്യക്കായി മുകേഷ് കുമാർ, അക്സർ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റ് വീതവും ശിവം ദുബെ ഒരു വിക്കറ്റും നേടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു