റിയാദ്: രാജ്യത്തെ ധാതുസമ്പത്തിന്റെ മൂല്യം 90 ശതമാനം വർധിച്ച് 9.375 ലക്ഷം കോടി റിയാലിലെത്തിയതായി സൗദി വ്യവസായ, ധാതു വിഭവശേഷി മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽഖുറയ്ഫ് പറഞ്ഞു. റിയാദിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര കൺവെൻഷൻ സെൻററിൽ ആരംഭിച്ച മൂന്നാമത് ഖനന സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.
2016ൽ പ്രഖ്യാപിച്ച കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ അത് അഞ്ചു ലക്ഷം കോടി റിയാലായിരുന്നു. ഈ വർധന ഭൂമിലെ അപൂർവ മൂലകങ്ങളുടെയും പരിവർത്തന ലോഹങ്ങളുടെയും പുതിയ കണ്ടെത്തലുകളെ തുടർന്നാണ്. ഫോസ്ഫേറ്റ് അയിര്, മറ്റ് ലോഹങ്ങളായ ചെമ്പ്, സിങ്ക്, സ്വർണം എന്നിവയിലെല്ലാം വലിയ വർധനയുണ്ട്.
ജിയോളജിക്കൽ സർവേ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ഈ കണ്ടെത്തലുകൾ. രണ്ടു ദിവസം നീളുന്ന സമ്മേളനത്തിൽ ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യവസായിക മേഖലയിലെ നിരവധി നേതാക്കന്മാരും വിദഗ്ധരും പങ്കെടുക്കുന്നുണ്ട്.
സമ്മേളനത്തിന്റെ ആദ്യ ദിവസം വ്യവസായ, ധാതു വിഭവശേഷി മന്ത്രാലയം ധാതുമേഖലയിലെ സഹകരണത്തിനായി നാലു രാജ്യങ്ങളുമായി നാലു ധാരണപത്രങ്ങൾ ഒപ്പുവെച്ചു. ഈജിപ്ത്, മൊറോക്കോ, കോംഗോ, റഷ്യ എന്നീ രാജ്യങ്ങളുമായാണ് ധാരണയിൽ ഒപ്പുവെച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു