റിയാദ്: ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ വാഹനത്തിനുണ്ടായ കേടുപാടിന്റെ പേരിൽ ശമ്പളം തടഞ്ഞുവെക്കപ്പെട്ട് പ്രയാസത്തിലായ തൃശൂർ സ്വദേശിക്ക് സാമൂഹികപ്രവർത്തകർ തുണയായി. റിയാദിലെ എക്സിറ്റ് രണ്ടിലുള്ള സ്വദേശിയുടെ വീട്ടിൽ ഒന്നര വർഷം മുമ്പ് ഡ്രൈവർ ജോലിക്കെത്തിയതായിരുന്നു തൃശൂർ രാമവർമപുരം സ്വദേശി ഹരി ഉത്തപ്പിള്ള.
നാലു മാസം മുമ്പ് ഓട്ടത്തിനിടയിൽ വാഹനം വഴിയിൽ നിന്നുപോയതിനെ തുടർന്ന് വർക്ഷോപ്പിൽ കയറ്റുകയും തകരാറായതിന്റെ ഉത്തരവാദി ഹരിയാണെന്നും വാഹനത്തിന് ചെലവായ തുക ഹരിയിൽനിന്ന് ഈടാക്കുമെന്നും പറഞ്ഞ് സ്പോൺസർ ശമ്പളം നൽകിയില്ലെന്ന് മാത്രമല്ല ഭക്ഷണം പോലും നൽകാതെ ജോലി ചെയ്യിപ്പിക്കുകയും ചെയ്തു.
ആദ്യ ഒരു വർഷം കൃത്യമായി ശമ്പളം നൽകിയതിനാൽ തന്നെ തുടർന്നും നൽകുമെന്ന പ്രതീക്ഷയിൽ ഓരോ മാസവും തള്ളിനീക്കി. നാട്ടിലെ പ്രാരബ്ധം കാരണം വിവരം ആരെയും അറിയിച്ചില്ല. ഒരുമാസം കഴിഞ്ഞ് ഭക്ഷണത്തിനും ബുദ്ധിമുട്ടായതിനെ തുടർന്ന് കേളി കലാസാംസ്കാരിക വേദി പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കേളി പ്രവർത്തകർ ഭക്ഷണത്തിനുള്ള സൗകര്യം തരപ്പെടുത്തുകയും സ്പോൺസറുമായി സംസാരിക്കുകയും ചെയ്തു. വാഹനത്തിന് 9,000 റിയാൽ ചെലവായെന്നും അത് ഹരി നൽകണമെന്നും സ്പോൺസർ പറഞ്ഞു.
തുടർന്ന് മൂന്നു മാസത്തെ കാത്തിരിപ്പിന് ശേഷം ലേബർ കോടതിയിൽ കേസ് ഫയൽ ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതിനായി കേളി പ്രവർത്തകർ സഹായം നൽകി. അതിനിടയിൽ ഒരിക്കൽ കൂടി സ്പോൺസറുമായി സംസാരിക്കുകയും രണ്ടു ദിവസത്തിനുള്ളിൽ ടിക്കറ്റുമായി വന്നാൽ എക്സിറ്റ് നൽകാമെന്ന് സ്പോൺസർ സമ്മതിക്കുകയും ചെയ്തു. വിഷയത്തിൽ ഇടപെട്ട ഉമ്മുൽ ഹമാം ജീവകാരുണ്യ വിഭാഗത്തിന്റെ അഭ്യർഥന പ്രകാരം കേളി കേന്ദ്ര കമ്മറ്റി ടിക്കറ്റ് അനുവദിക്കുകയും ഫൈനൽ എക്സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു. നാലു മാസത്തെ ദുരിതത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങി. കേളി ഉമ്മുൽ ഹമാം ഏരിയ ജീവകാരണ്യ കൺവീനർ ജാഫറാണ് ആവശ്യമായ സഹായങ്ങൾ നൽകിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു