ജിദ്ദ: ആരോഗ്യ സേവനരംഗത്ത് വ്യത്യസ്തമായൊരു ആംബുലൻസ് ഒരുക്കി സൗദി റെഡ് ക്രസൻറ് അതോറിറ്റി. ജിദ്ദയിൽ സൂപ്പർ ഡോമിൽ നടക്കുന്ന ഹജ്ജ്, ഉംറ പ്രദർശന മേളയിലാണ് നൂതന ഉപകരണങ്ങളും സവിശേഷതകളും ഉൾക്കൊള്ളുന്ന ‘തമിയ’ എന്നറിയപ്പെടുന്ന ആംബുലൻസ് പ്രദർശിപ്പിച്ചത്. മിഡിൽ ഈസ്റ്റിലെ ഇത്തരത്തിലുള്ള ആദ്യത്തെ ആംഫിബിയസ് ആംബുലൻസ് ആണിത്.
പർവതങ്ങൾ, സമതലങ്ങൾ, കൂടാതെ വെള്ളവും ചളിയും നിറഞ്ഞവ പോലെയുള്ള ദുർഘടപ്രദേശങ്ങളിൽപോലും എത്താനും പ്രയാസമുള്ള സ്ഥലങ്ങളിൽനിന്ന് അടിയന്തര ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ നടത്താനും കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത. രണ്ടു രോഗികളെയും മറ്റ് ആറു വ്യക്തികളെയും കയറ്റി ഏകദേശം 19 മണിക്കൂർ നിർത്താതെ സഞ്ചരിക്കാനാകും.
ഉയർന്നതും താഴ്ന്നതുമായ വായു മർദത്തിൽ ടയറുകൾ നിയന്ത്രിക്കാനുള്ള കഴിവ് വാഹനത്തിനുണ്ട്. ഉയർന്ന ശേഷിയുള്ള മുന്നറിയിപ്പ് ലൈറ്റുകളും അടങ്ങിയിരിക്കുന്നു. വാഹനത്തെ കൺട്രോൾ റൂം സംവിധാനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് ആംബുലൻസ് സേവനം വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള പ്രക്രിയ കൂടുതൽ എളുപ്പമാക്കുന്നു. സുരക്ഷിതമായ ഹജ്ജ് അനുഭവം ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷം ഹജ്ജ് സീസണിലാണ് സൗദി റെഡ് ക്രസൻറ് അതോറിറ്റി ‘തമിയ’ വാഹനം പുറത്തിറക്കിയത്.
നിലവിൽ ഇതിന്റെ സേവനങ്ങൾ റിയാദ്, മക്ക നഗരങ്ങളിലും തെക്കൻ മേഖലയിലും ലഭ്യമാണ്. സൗദിയിലെ മറ്റ് പ്രദേശങ്ങളിലും സേവനം ഉടൻ ലഭ്യമാകും.
ആളുകളുടെ സുരക്ഷക്കും പരമ്പരാഗത ആംബുലൻസ് വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത പ്രദേശങ്ങളിലേക്ക് കൂടുതൽ ആംബുലൻസ് പ്രവേശനം ഉറപ്പാക്കുന്നതിനാണ് ഇങ്ങനെയൊരു വാഹനം ഒരുക്കിയിരിക്കുന്നത്. മദീനക്കും ഖസീമിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ പർവതത്തിെൻറ പേരാണ് ‘തമിയ’. ആ പേരാണ് ആംബുലൻസിന് നൽകിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു