പലവിധത്തിലുള്ള മുന്തിരികള്‍ നമ്മുടെ നാട്ടിലെ വിപണികളില്‍ സുലഭമാണ്. പൊതുവെ ചുവപ്പ്, പച്ച മുന്തിരികളാണ് നമ്മള് കാണാറുള്ളത്. ഇതില്‍ തന്നെ ഏതിനാണ് പോഷക ഗുണങ്ങള്‍ എന്ന് നമ്മള് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. ചിലരെങ്കിലും പച്ച മുന്തിരിയാണ് നല്ലത് എന്ന അഭിപ്രായം പങ്ക് വെക്കാറുണ്ട്. എന്നാല്‍ മുന്തിരികളുടെ എല്ലാ വകഭേദങ്ങളേക്കാളും മികച്ചത് ചുവന്ന മുന്തിരി തന്നെയാണ്.
ചുവന്ന മുന്തിരി രുചികരമാണ് എന്നതിനൊപ്പം തന്നെ ഊര്‍ജ്ജസ്വല ഒരു പോഷക ശക്തിയായി നിലകൊള്ളുന്നു. ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ ചുവന്ന മുന്തിരിയില്‍ ഉയര്‍ന്ന അളവിലുള്ള റെസ്വെറാട്രോള്‍, ക്വെര്‍സെറ്റിന്‍, ഫ്ളേവനോയ്ഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുന്നതില്‍ ഈ ആന്റിഓക്സിഡന്റുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. അതുവഴി ഹൃദ്രോഗം, ചില ക്യാന്‍സറുകള്‍ തുടങ്ങിയ വിട്ടുമാറാത്ത പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കുന്നു. ചുവന്ന മുന്തിരിയില്‍ വിറ്റാമിന്‍ സിയും കെയും അടങ്ങിയിട്ടുണ്ട്.
കൊളാജന്‍ രൂപീകരണത്തിനും രോഗപ്രതിരോധത്തിനും എല്ലുകളുടെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമാണ്. ഇവയിലെ സ്വാഭാവികമായുള്ള പഞ്ചസാര പെട്ടെന്നുള്ള ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു.
അതിനാല്‍ തന്നെ ഇത് പലരുടേയും അനുയോജ്യമായ ലഘുഭക്ഷണ തിരഞ്ഞെടുപ്പാക്കി മാറ്റുന്നു. ചുവന്ന മുന്തിരിയില്‍ പൊട്ടാസ്യം പോലുള്ള ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുന്നതിനും പേശികളുടെയും നാഡികളുടെയും ശരിയായ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നു. ചുവന്ന മുന്തിരിയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളില്‍ ഒന്ന് ഹൃദയാരോഗ്യത്തെ ബാധിക്കുന്നതാണ്.
ചുവന്ന മുന്തിരിയിലെ റെസ്വെറാട്രോള്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും ആരോഗ്യകരമായ ഹൃദയത്തെ പ്രോത്സാഹിപ്പിക്കാനും ധമനികളുടെ തകരാറുകള്‍ തടയാനും സഹായിക്കുന്നു. ചുവന്ന മുന്തിരിയില്‍ പച്ച മുന്തിരിയെ അപേക്ഷിച്ച് നാരുകളുടെ അളവ് കൂടുതലാണ്. അതിനാല്‍ തന്നെ ഇത് ദഹനത്തെ സഹായിക്കുന്നു. ചുവന്ന മുന്തിരി രുചി മുകുളങ്ങളെ ഉത്തേജിപ്പിക്കുന്നു.
മാത്രമല്ല ചുവന്ന മുന്തിരി മാംഗനീസിന്റെ സമ്പന്നമായ ഉറവിടമാണ്. ഇത് എല്ലുകളുടെ വളര്‍ച്ചയെയും ദഹന ആരോഗ്യത്തെയും പ്രോത്സാഹിപ്പിക്കുന്നു. ചുവന്ന മുന്തിരിയില്‍ ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്.
ഇത് പല രോഗങ്ങളും കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് കഴിക്കുന്നത് കോളന്‍ ക്യാന്‍സറിനുള്ള സാധ്യതയും കുറയ്ക്കുന്നു. ചുവന്ന മുന്തിരി കഴിക്കുന്നത് പല തരത്തിലുള്ള അലര്‍ജികളില്‍ നിന്നും മുക്തി നേടാനും സഹായിക്കുന്നു എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ആന്റിഓക്സിഡന്റ് ഗുണങ്ങളാല്‍ സമ്പന്നമായ ചുവന്ന മുന്തിരി ആരോഗ്യ സംബന്ധമായ പല പ്രശ്നങ്ങളെയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മറ്റ് പഴങ്ങളെ അപേക്ഷിച്ച് ആന്റിഓക്സിഡന്റുകളുടെ അളവ് കൂടുതലാണ്. ഇത് പല രോഗങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുന്നു. ചുവന്ന മുന്തിരി കഴിക്കുന്നത് ഓര്‍മശക്തിയും തലച്ചോറിന്റെ ആരോഗ്യവും വര്‍ധിപ്പിക്കുന്നു. ഇത് അല്‍ഷിമേഴ്സ് രോഗ സാധ്യതയും കുറയ്ക്കുന്നു.