ന്യൂ ഡൽഹി: നൈപുണ്യ വികസന,സംരംഭകത്വ മന്ത്രാലയത്തിന് (എം എസ് ഡി ഇ ) കീഴിലുള്ള നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്പ്പറേഷന് (എന്‍ എസ് ഡി സി) അഖിലേന്ത്യാ തലത്തില്‍ ഇന്ത്യാ സ്കില്‍സ് 2023-24 മത്സരം സംഘടിപ്പിക്കുന്നു.രാജ്യത്തെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ പങ്കാളിത്തമാണ് മത്സരത്തില്‍ പ്രതീക്ഷിക്കുന്നത്.നിരവധി അവസരങ്ങൾ ലഭിക്കുന്ന ഒരു ഭാവി വാഗ്ദാനം ചെയ്തുകൊണ്ടാണ് വ്യക്തികളുടെ കഴിവുകൾ ആഘോഷിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.
പരിപാടിയില്‍ പങ്കെടുക്കുന്നതിനായി താത്പര്യം അറിയിച്ചുകൊണ്ട് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും നിരവധിപേർ മുന്നോട്ട് വരുന്നത് പരിഗണിച്ച് മത്സരത്തില്‍ പങ്കെടുക്കുവാനുള്ള രജിസ്ട്രേഷന്റെ 2024 ജനുവരി 15 വരെ നീട്ടി.
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയാക്കി ഇന്ത്യയെ ഉയര്‍ത്തുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ച്ചപ്പാടുമായി ചേര്‍ന്നുനിന്നുകൊണ്ട് ആഗോളതലത്തില്‍ തൊഴിലവസരങ്ങള്‍ നല്‍കുകയും, പരമ്പരാഗത – നവ തൊഴില്‍ മേഖലകളില്‍ പ്രാവീണ്യം ഉറപ്പാക്കുകയും ഇതിലൂടെ ചെയ്യുന്നു.
സ്കില്‍ ഇന്ത്യ ഡിജിറ്റല്‍ വെബ്സൈറ്റിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്ട്രേഷന് നടത്താം. ജില്ല, സംസ്ഥാന, സോണല്‍ തല മത്സരങ്ങള്‍ക്ക് ശേഷമായിരിക്കും അഖിലേന്ത്യാ തലത്തിലലേക്ക് മത്സരാര്‍ഥികളെ കണ്ടെത്തുന്നത്. ഈ വര്‍ഷം ഫ്രാന്‍സില്‍ വെച്ചു നടക്കുന്ന വേള്‍ഡ് സ്കില്‍ കോംപറ്റീഷന്‍ വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുവാനുള്ള അവസരമാണ് അന്തിമ വിജയികളെ കാത്തിരിക്കുന്നത്.
കണ്‍സ്ട്രക്ഷന്‍, ബില്‍ഡിംഗ് ടെക്നോളജി, ഓട്ടോമോട്ടീവ് ടെക്നോളജി, ഫാഷന്‍ ഡിസൈനിംഗ്, ഹെയര്‍ ഡ്രസ്സിംഗ്, ബേക്കിംഗ്, ഇന്‍ഡസ്ട്രി 4.0, സൈബര്‍ സെക്യൂരിറ്റി തുടങ്ങി 60ല്‍ അധികം വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക.