ഹേഗ്: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ഫലസ്തീനി വംശഹത്യക്കെതിരായ കേസിൽ ഇന്നും നാളെയും അന്താരാഷ്ട്ര കോടതി വാദം കേൾക്കും. കോടതി നടപടി https://webtv.un.org/en/schedule/2024-01-11 എന്ന യു.എൻ വെബ് സൈറ്റിൽ ലൈവായി സപ്രേഷണം ചെയ്യും.
ഹേഗിലെ പ്രദേശിക സമയം 10 മണിക്കാണ് (ഇന്ത്യൻ സമയം ഉച്ച 2:30) കോടതിയിൽ വാദം കേൾക്കൽ തുടങ്ങുക. ഉച്ചക്ക് ഒരുമണിവരെയാണ് കോടതി നടപടി. തുടർന്ന് നാളെ രാവിലെ 10 മണി മുതൽ ഒരുമണിവരെ വീണ്ടും വാദം കേൾക്കും. നാളെയും ലൈവ് സംപ്രേഷണം ഉണ്ടായിരിക്കും.
ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിലാണ് വാദം കേൾക്കുന്നത്. അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ഇന്ത്യ, ബ്രസീൽ, ജർമനി അടക്കം വിവിധ രാജ്യങ്ങളുടെ പ്രധിനികളായ 15 ജഡ്ജിമാരാണ് വാദം കേൾക്കലിന് നേതൃത്വം നൽകുന്നത്.
ഇസ്രായേൽ ഒപ്പുവെച്ച 1948ലെ വംശഹത്യ ചട്ടങ്ങൾ ഗസ്സയിൽ ഇസ്രായേൽ ലംഘിച്ചെന്നും പതിനായിരക്കണക്കിന് സിവിലിയന്മാർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും ദക്ഷിണാഫ്രിക്ക പരാതിയിൽ പറയുന്നു. ഭക്ഷണം, വെള്ളം, ആതുരശുശ്രൂഷ എന്നിവ മുടക്കിയത് ഗസ്സയിൽ ഫലസ്തീനികൾക്കെതിരെ വംശഹത്യ ലക്ഷ്യമിട്ടാണെന്നും ബിന്യമിൻ നെതന്യാഹുവടക്കം ഇസ്രായേൽ മന്ത്രിമാരുടെ വംശഹത്യ അനുകൂല പ്രസ്താവനകൾ ഇതിന് തെളിവാണെന്നും ദക്ഷിണാഫ്രിക്ക നൽകിയ കേസ് മുന്നോട്ടുവെക്കുന്നു.
അന്തിമ വിധി വരാൻ വർഷങ്ങളെടുക്കാമെങ്കിലും അടിയന്തര വെടിനിർത്തലിന് ഇടക്കാല ഉത്തരവ് വേണമെന്ന് ദക്ഷിണാഫ്രിക്ക ആവശ്യപ്പെടുന്നുണ്ട്. വംശഹത്യ നടത്തിയെന്നു മാത്രമല്ല, അതിന് പ്രേരണ നൽകൽ, വംശഹത്യക്ക് ശ്രമിച്ചവരെ ശിക്ഷിക്കാതിരിക്കൽ തുടങ്ങിയ കുറ്റങ്ങളും ഇസ്രായേൽ നേരിടുന്നു.
ഗസ്സയിൽ കൊല്ലപ്പെട്ടവരിൽ 70 ശതമാനവും കുഞ്ഞുങ്ങളും സ്ത്രീകളുമാണ്. യുദ്ധനിയമങ്ങൾക്കെതിരായി ലക്ഷ്യമില്ലാതെ വർഷിക്കുന്ന ബോംബുകളാണ് ഗസ്സയിൽ ഇസ്രായേൽ പ്രയോഗിച്ചതിലേറെയും. രക്ഷപ്പെട്ട് അഭയം തേടിയെത്തിയ ഇസ്രായേൽ ബന്ദികളെപോലും ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നു. ഫലസ്തീനികളെ ഗസ്സയിൽ നിന്ന് വംശീയമായി തുടച്ചുനീക്കൽ തന്നെയാണ് ഇസ്രായേൽ ലക്ഷ്യമെന്നും 84 പേജ് വരുന്ന പരാതിയിൽ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു