ന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്കും പാർട്ടിക്കും നേരിട്ട കനത്ത പരാജയം മറക്കാനോ ക്ഷമിക്കാനോ കഴിയാത്ത ചെറിയ മനുഷ്യനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. ഡൽഹിയിലെ റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയുടെ ടാബ്ലോ അവതരിപ്പിക്കാൻ അവസരം നിഷേധിച്ച കേന്ദ്രസർക്കാർ നടപടിയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം. സംസ്ഥാനത്തിന് അവസരം നിഷേധിച്ചതിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചൊവ്വാഴ്ച കേന്ദ്രസർക്കാരിനെ വിമർശിച്ചിരുന്നു.
‘ഇത് കുടിപ്പകയുടെയും പ്രതികാരത്തിന്റെയും മോദി മന്ത്രമാണ്. 2023 മേയ് മാസത്തിൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ തനിക്കും പാർട്ടിക്കും നേരിട്ട കനത്ത പരാജയം അദ്ദേഹം മറക്കുകയോ ക്ഷമിക്കുകയോ ചെയ്തിട്ടില്ല. ശരിക്കും ഒരു ചെറിയ മനുഷ്യനാണയാൾ’ -സിദ്ധരാമയ്യയുടെ പോസ്റ്റിനെ ടാഗ് ചെയ്ത് ജയറാം രമേശ് വ്യക്തമാക്കി.
കോൺഗ്രസ് സർക്കാറായതിനാലാണ് കേന്ദ്രം കർണാടകയുടെ ടാബ്ലോ നിരസിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൈസൂരു ഭരണാധികാരി നാൽവാടി കൃഷ്ണരാജ വോഡയാർ, ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ കിറ്റൂർ റാണി ചെന്നമ്മ, റാണി ലക്ഷ്മി ബായി, ബംഗളൂരു സ്ഥാപകൻ നാദപ്രഭു കെംപഗൗഡ എന്നിവരുടെ ജീവിതം പ്രമേയമാക്കിയ ടാബ്ലോ ആയിരുന്നു കർണാടക അവതരിപ്പിക്കാൻ ഉദ്ദേശിച്ചത്.
ജനുവരി 26ന് ന്യൂഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ സംസ്ഥാനത്തിന്റെ ടാബ്ലോക്ക് അവസരം നിഷേധിച്ചതിലൂടെ ഏഴ് കോടി കന്നഡിഗരെ കേന്ദ്ര സർക്കാർ അപമാനിച്ചിരിക്കുകയാണെന്ന് സിദ്ധരാമയ്യ എക്സിൽ പറഞ്ഞു.
കഴിഞ്ഞ വർഷവും കർണാടകയുടെ ടാബ്ലോ കേന്ദ്രം ആദ്യം തള്ളിയിരുന്നു. ഇതിനെതിരെ കടുത്ത വിമർശനം ഉയർന്നതോടെ കർണാടക തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് അനുമതി നൽകുകയായിരുന്നു. ഇത്തവണയും കേന്ദ്രസർക്കാർ കന്നഡക്കാരെ അപമാനിക്കുന്ന പ്രവണത തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചു“കർണാടകയിലെ ബി.ജെ.പി എം.പിമാർ ഈ അനീതിയെ ചോദ്യം ചെയ്യുന്നില്ല എന്നത് നിർഭാഗ്യകരമാണ്. അവർ നരേന്ദ്രമോദിയുടെ കളിപ്പാവകളായി. അവർക്ക് കന്നഡക്കാരാടോണാ നരേന്ദ്ര മോദിയോടാണോ കടപ്പാട്?’ സിദ്ധരാമയ്യ
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു