മനാമ: ടൂബ്ലി മലിനജല ശുചീകരണ പ്ലാന്റ് വികസന പദ്ധതി 77 ശതമാനം പൂർത്തിയായതായി പൊതുമരാമത്ത് മന്ത്രാലയത്തിലെ സീവേജ് വിഭാഗം അസി. അണ്ടർ സെക്രട്ടറി ഫത്ഹി അബ്ദുല്ല അൽ ഫാരിഅ് വ്യക്തമാക്കി. സൗദി ഡെവലപ്മെന്റ് ഫണ്ട്, കുവൈത്ത് അറബ് ഡെവലപ്മെന്റ് ഫണ്ട് എന്നിവയാണ് ഇതിന് സാമ്പത്തിക സഹായം നൽകുന്നത്.
നിലവിൽ ദിനേന രണ്ട് ലക്ഷം ക്യൂബിക് മീറ്റർ ശുചീകരണ ശേഷിയുള്ള പ്ലാന്റ് നവീകരണത്തോടെ നാല് ലക്ഷം ക്യുബിക് മീറ്റർ ശേഷി കൈവരിക്കും. സീവേജ് ജലനീക്ക പൈപ്പുകളുടെ വിന്യാസം പൂർത്തിയായിട്ടുണ്ട്. പ്രത്യേക തുരങ്കങ്ങൾ നിർമിച്ച് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ശുചീകരണ പ്ലാന്റിന്റെ ശേഷി വർധിപ്പിക്കുന്നത്. പഴയ പ്ലാന്റും പുതിയ പ്ലാന്റും തമ്മിൽ ബന്ധിപ്പിക്കുന്ന കുഴലുകളുടെ പണിയും പൂർത്തിയായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സമുദ്രത്തിലേക്കുള്ള എമർജൻസി പൈപ്പ് ലൈൻ പദ്ധതി 85 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്. അപകടരഹിത 7.8 ദശലക്ഷ മണിക്കൂർ എന്ന നേട്ടം പദ്ധതി നവീകരണത്തിൽ പാലിക്കാൻ സാധിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയുള്ള പദ്ധതിയെന്ന നിലക്കും ഇത് ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു