ന്യൂയോർക്ക്: അമേരിക്കയിൽ വച്ച് ഖലിസ്ഥാൻ ഭീകരന് ഗുർപട്വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്ന ആരോപണം നേരിടുന്ന ഇന്ത്യക്കാരനായ നിഖിൽ ഗുപ്തയ്ക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കുന്ന തെളിവുകൾ ഹാജരാക്കാൻ ഉത്തരവിട്ട് കോടതി.
നിഖിൽ ഗുപ്തയുടെ അഭിഭാഷകർ സമർപ്പിച്ച ഹർജിയിലാണ് ന്യൂയോർക്ക് കോടതി ഫെഡറൽ സർക്കാരിനോട് ഉത്തരവിട്ടത്. ജനുവരി 4ന് ഫയൽ ചെയ്ത ഹർജിയിൽ മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകാനാവശ്യപ്പെട്ട് യുഎസ് ജില്ലാ ജഡ്ജി വിക്ടർ മാരേറോയായുടെതാണ് ഉത്തരവ്.
യുഎസിന്റെയും കാനഡയുടെയും പൗരത്വമുള്ള ഗുർപട്വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താൻ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം നിഖിൽ ഗുപ്ത (52) പദ്ധതിയിട്ടുവെന്നാണ് ആരോപണം. ഇതിനായി വാടക കൊലയാളികളെ ഏർപ്പെടുത്തിയെന്നും ആരോപണമുണ്ട്. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റങ്ങൾ തെളിഞ്ഞാൽ 20 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാം.