മനാമ: പായ്ക്കപ്പലിൽ കടത്തുകയായിരുന്ന 11 ദശലക്ഷം ഡോളർ വിലമതിക്കുന്ന മയക്കുമരുന്ന് ബഹ്റൈൻ ആസ്ഥാനമായ ബഹുരാഷ്ട്ര നേവൽ ടാസ്ക് ഫോഴ്സ് പിടിച്ചെടുത്തു. ബഹുരാഷ്ട്ര നേവൽ ടാസ്ക് ഫോഴ്സിലംഗമായ യു.എസ് കോസ്റ്റ് ഗാർഡാണ് ഓപറേഷൻ നടത്തിയത്. ഒമാൻ ഉൾക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന യാനമാണ് പിടിച്ചെടുത്തത്.
187 കിലോ മെത്താംഫെറ്റാമൈൻ, 37 കിലോ ഹെറോയിൻ, 5 കിലോ കൊക്കെയ്ൻ എന്നിവയാണ് പിടിച്ചെടുത്തത്. 2023 ജൂലൈയിൽ ഫ്രഞ്ച് കമാൻഡ് ബഹുരാഷ്ട്ര നേവൽ ടാസ്ക് ഫോഴ്സ് നേതൃത്വം ഏറ്റെടുത്തതിനുശേഷം 12 മയക്കുമരുന്ന് വേട്ടകളാണ് നടത്തിയത്.38 രാജ്യങ്ങൾ അടങ്ങുന്ന ബഹുരാഷ്ട്ര നാവിക പങ്കാളിത്തമാണ് ബഹ്റൈൻ ആസ്ഥാനമായ കമ്പൈൻഡ് മാരിടൈം ഫോഴ്സ്. ഇതിനു കീഴിലുള്ള അഞ്ച് ടാസ്ക് ഫോഴ്സുകളിലൊന്നാണ് സി.ടി.എഫ് 150.
ഒമാൻ ഉൾക്കടലിലും അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക, വാണിജ്യം സുഗമമാക്കുക, കപ്പലുകളെ സംരക്ഷിക്കുക, കടൽ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ടാസ്ക് ഫോഴ്സിന്റെ ദൗത്യം. കമ്പൈൻഡ് മാരിടൈം ഫോഴ്സിന് കീഴിൽ അഞ്ച് ടാസ്ക് ഫോഴ്സുകളുണ്ട്. സി.ടി.എഫ് 150, സി.ടി.എഫ്151, സി.ടി.എഫ്152, സി.ടി.എഫ്153, സി.ടി.എഫ്154 എന്നിവ. മയക്കുമരുന്ന് വ്യാപാരത്തിനെതിരെ നടപടിയെടുക്കുകയാണ് സി.ടി.എഫ് 150 ചെയ്യുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു