ദുബൈ: ഭിന്നശേഷിക്കാർക്ക് ആപ്ലിക്കേഷൻ വഴി ടാക്സി ബുക് ചെയ്യാനുള്ള പുതിയ സേവനവുമായി ദുബൈ ടാക്സി കമ്പനി (ഡി.ടി.സി).
ഡി.ടി.സി ആപ് വഴിയാണ് ബുക് ചെയ്യേണ്ടത്. വീൽചെയർ ഉപയോഗിക്കുന്നവർക്കുള്ള പ്രത്യേക ടാക്സികൾ ഒഴികെയുള്ളവ ഉപയോഗിക്കുന്നവർക്കാണ് സേവനം ഉപകാരപ്പെടുക. ഭിന്നശേഷിക്കാർക്ക് പ്രത്യേകം ലഭിക്കുന്ന 50 ശതമാനം നിരക്കിളവും സേവനം വഴി ലഭിക്കും.
ദുബൈയിലെ ‘സനദ് കാർഡ്’ കൈവശം വെക്കുന്നവർക്കാണ് സേവനം ലഭിക്കുക. ഭിന്നശേഷിക്കാർക്ക് ദുബൈ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി നൽകുന്ന സ്മാർട്ട് കാർഡാണ് സനദ് കാർഡ്. പൊതുഗതഗാത മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങൾ ലഭ്യമാക്കാനുള്ള ഡി.ടി.സിയുടെ പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണ് സേവനം വികസിപ്പിച്ചതെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഭിന്നശേഷിക്കാർ അടക്കമുള്ള ഉപഭോക്താക്കളുടെ സംതൃപ്തിയാണ് കമ്പനി ലക്ഷ്യംവെക്കുന്നതെന്ന് ഡി.ടി.സി ബിസിനസ് ട്രാൻസ്ഫോമേഷൻ മേധാവി അബ്ദുല്ല ഇബ്രാഹീം അൽ മീർ പറഞ്ഞു. ഭിന്നശേഷിക്കാർക്കുവേണ്ടി രൂപപ്പെടുത്തിയ കമ്പനിയുടെ വാഹനത്തിന് നിരവധി ഉപയോക്താക്കളുണ്ടെന്നും പുതിയ ഡിജിറ്റൽ സേവനം വഴി ഇത്തരക്കാർക്ക് ഗതാഗതസൗകര്യം വർധിപ്പിക്കുകയാണ് ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താമസക്കാർ, സന്ദർശകർ, വിനോദസഞ്ചാരികൾ എന്നിവരടക്കമുള്ളവർക്ക് എളുപ്പത്തിലും വേഗത്തിലും ടാക്സി ലഭ്യമാക്കാൻ ഇതുപകരിക്കും. ‘പീപ്ൾ ഓഫ് ഡിറ്റർമിനേഷൻ ടാക്സി’ എന്ന പേരിൽ പ്രത്യേക സേവനം നിലവിൽ ഡി.ടി.സി സ്മാർട് ആപ്ലിക്കേഷൻ വഴി ലഭ്യമാക്കുന്നുണ്ട്.
യാത്ര എളുപ്പമാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും സംവിധാനങ്ങളും ഇതിലുണ്ട്. ഭിന്നശേഷിക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു