കുവൈത്ത് സിറ്റി: ഇസ്രായേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച ദക്ഷിണാഫ്രിക്കയുടെ വ്യവഹാരത്തിൽ കുവൈത്ത് പങ്കുചേരുകയും പിന്തുണക്കുകയും ചെയ്യണമെന്ന് എം.പിമാർ. ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ലോക കോടതി-ഐ.സി.ജെ) കൊടുത്ത കേസ് ഈ മാസം 11നും 12നും വിസ്താരത്തിനെത്താനിരിക്കെയാണ് കുവൈത്ത് ദേശീയ അസംബ്ലി അംഗങ്ങളുടെ ആവശ്യം. വിഷയത്തിൽ വിദേശകാര്യ മന്ത്രാലയം പങ്കുചേരുകയും പിന്തുണക്കുകയും ചെയ്യണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു. നിരവധി എം.പിമാർ ഒപ്പുവെച്ച് സംയുക്ത പ്രസ്താവനയും പുറത്തിറക്കി.
2023 നവംബർ ഒന്നിന് നടന്ന ദേശീയ അസംബ്ലി പ്രത്യേക സെഷനിലെ ശിപാർശകൾ നടപ്പാക്കുന്നതിലും ഫലസ്തീനികളോടുള്ള കുവൈത്ത് ഐക്യദാർഢ്യത്തിന്റെ തുടർച്ചയെന്ന നിലയിലുമാണ് പ്രസ്താവന.
20,000ത്തിലധികം ഫലസ്തീനികൾ ഇതുവരെ കൊല്ലപ്പെട്ടു. അവരിൽ ഭൂരിഭാഗം സ്ത്രീകളും കുട്ടികളുമാണ്. ഗസ്സയിൽ നിന്ന് 1.8 ദശലക്ഷത്തിലധികം ആളുകൾ നിർബന്ധിതമായി മാറ്റിപ്പാർപ്പിക്കപ്പെട്ടു. നിത്യവും ഇസ്രായേൽ അധിനിവേശ സൈന്യത്തിന്റെ ഹീനമായ കുറ്റകൃത്യങ്ങൾക്ക് ഗസ്സയിലെ സഹോദരങ്ങൾ സാക്ഷ്യം വഹിക്കുന്നു. നിരവധി വീടുകൾ, മസ്ജിദുകൾ, മറ്റു ആരാധനാലയങ്ങൾ, ആശുപത്രികൾ എന്നിവ തകർക്കപ്പെട്ടു. മാധ്യമപ്രവർത്തകർ കൊല്ലപ്പെടുന്നു. അവരെ ലക്ഷ്യമാക്കി ബോംബെറിയുന്നു. അഭയാർഥികളുടെ ആസ്ഥാനവും അവർക്ക് അഭയം നൽകുന്ന അന്താരാഷ്ട്ര സംഘടനകളെയും ആക്രമിക്കുന്നു. വിവിധ ഇടങ്ങളിൽ നിന്നുള്ള സഹായത്തിന്റെ വരവ് തടയുന്നു തുടങ്ങിയ കാര്യങ്ങൾ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
സമകാലിക യുദ്ധങ്ങളുടെ ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായതും ഭയാനകവുമായ ആക്രമണമെന്നാണ് അന്താരാഷ്ട്ര സംഘടനകൾ ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്. എന്നാൽ പാശ്ചാത്യ രാജ്യങ്ങൾ ഇപ്പോഴും ഇസ്രായേലിനെ അനുകൂലിക്കുകയും അന്താരാഷ്ട്ര ഫോറങ്ങളിൽ സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിനാൽ, ഫലസ്തീൻ വിഷയത്തിൽ കുവൈത്തിന്റെ സ്ഥാപിതമായ നിലപാടുകൾ അടിസ്ഥാനമാക്കിയും ദേശീയ അസംബ്ലി സെഷനിലെ ശിപാർശകൾക്ക് അനുസൃതമായും സൗത്ത് ആഫ്രിക്ക ഫയൽ ചെയ്ത കേസിൽ ചേരാനും പിന്തുണക്കാനും വിദേശകാര്യ മന്ത്രാലയത്തോട് എം.പിമാർ ആവശ്യപ്പെട്ടു.
ദേശീയ അസംബ്ലി സെക്രട്ടറി ഒസാമ അൽ ഷഹീൻ, നിരീക്ഷകൻ ഡോ.ഫലാഹ് അൽ ഹജ്രിയും അടക്കം പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്. കുവൈത്തിലെ ഫലസ്തീൻ അധ്യാപകർക്ക് ഭാര്യമാരെയും കുട്ടികളെയും കുടുംബ വിസയിൽ കൊണ്ടുവരാൻ അനുവദിക്കുക, പരിക്കേറ്റ ഫലസ്തീനികളെ കുവൈത്ത് ആശുപത്രികളിൽ ചികിത്സിക്കുക, ഇസ്രായേലിനെതിരെ കേസ് ഫയൽ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഒസാമ അൽ ഷഹീൻ നേരത്തേ ഉന്നയിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു