ദുബൈ: പ്രമുഖ അമേരിക്കൻ ഓൺലൈൻ ട്രാവൽ സർവിസ് ഏജൻസിയായ ട്രിപ് അഡ്വൈസേഴ്സിന്റെ ട്രാവലേഴ്സ് ചോയ്സ് അവാർഡിൽ ലോകത്തെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാംസ്ഥാനം നിലനിർത്തി ദുബൈ.
തുടർച്ചയായി മൂന്നാംതവണയാണ് പട്ടികയിൽ ദുബൈ ഒന്നാമതെത്തുന്നത്. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പട്ടികയിൽ ബാലിയാണ് രണ്ടാം സ്ഥാനത്ത്. ലണ്ടൻ നഗരം മൂന്നാംസ്ഥാനം നേടി. യൂറോപ്പിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് നഗരമായും ലണ്ടൻ തിരഞ്ഞെടുക്കപ്പെട്ടു.
പട്ടികയിൽ ഹാനോയ് നഗരം നാലാമതും റോം അഞ്ചാമതുമാണ്. പാരിസ്, മെക്സികോയിലെ കാൻകേൻ, മൊറോക്കോയിലെ മറാകിഷ്, ഗ്രീസിലെ ക്രറ്റെ, വിയറ്റ്നാമിലെ ഹൂയി അൻ എന്നീ നഗരങ്ങളാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റു നഗരങ്ങൾ. അതേസമയം, അമേരിക്കൻ ഡെസ്റ്റിനേഷനുകളിൽ ഉയർന്ന സ്ഥാനമുണ്ടായിരുന്ന ന്യൂയോർക്ക് നഗരം 23ാം സ്ഥാനത്തുനിന്ന് 25ലേക്ക് താഴ്ന്നു. 2022 ഒക്ടോബർ മുതൽ 2023 സെപ്റ്റംബർ വരെയുള്ള 12 മാസത്തെ കാലയളവിൽ യാത്രക്കാരുടെ അനുഭവങ്ങൾ വിലയിരുത്തിയാണ് റാങ്കിങ് നിശ്ചയിച്ചത്. ഓരോ നഗരങ്ങളിലേയും വിവിധ വിഭാഗങ്ങളിലെ നിലവാരവും അടിസ്ഥാനമാക്കിയിരുന്നു.
അതേസമയം, പതിറ്റാണ്ടുകൾക്ക് മുമ്പ് കൈവരിക്കാനാകാത്ത സ്വപ്നമെന്ന് കരുതിയിരുന്ന വിനോദസഞ്ചാര മേഖലയിലെ സ്ഥിരതയാർന്ന നേട്ടങ്ങളാണ് ഇപ്പോൾ യാഥാർഥ്യമായതെന്ന് ശൈഖ് ഹംദാൻ എക്സിൽ കുറിച്ചു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ദീർഘവീക്ഷണങ്ങൾക്ക് നന്ദി. ലോകത്തെ ഏറ്റവും മികച്ച മൂന്നാമത്തെ സാമ്പത്തിക നഗരമായും ടൂറിസ്റ്റ് കേന്ദ്രമായും ദുബൈയെ മാറ്റുന്നതിനായി ഒരു വർഷം മുമ്പാണ് അദ്ദേഹം ദുബൈ ഇക്കണോമിക് അജണ്ട (ഡി 33) അവതരിപ്പിച്ചതെന്നും അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നേട്ടമെന്നും ശൈഖ് ഹംദാൻ തുടർന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു