ദുബൈ: വിനോദസഞ്ചാരികളെ ശൈത്യകാലം അനുഭവിക്കാനും ആസ്വദിക്കാനും സ്വാഗതം ചെയ്ത് നാലാമത് ശൈത്യകാല കാമ്പയിന് തുടക്കമായി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് കാമ്പയിൻ പ്രഖ്യാപനം നിർവഹിച്ചത്. 2020 മുതൽ ആരംഭിച്ച ശൈത്യകാല കാമ്പയിൻ ‘ലോകത്തെ ഏറ്റവും മികച്ച ശൈത്യകാലം’ എന്ന തലക്കെട്ടിലാണ് നടത്തപ്പെടുന്നത്.
രാജ്യം പ്രകൃതിസൗന്ദര്യത്താലും വാസ്തുവിദ്യാ വിസ്മയങ്ങളാലും സമ്പന്നമായ സാംസ്കാരിക പൈതൃകത്താലും ഊഷ്മളമായി സ്വാഗതം ചെയ്യുന്ന നല്ല ജനങ്ങളാലും ലോകത്തിന്റെ ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രമായി മാറിയതായി ശൈഖ് മുഹമ്മദ് കാമ്പയിൻ പ്രഖ്യാപിച്ച് എക്സിൽ കുറിച്ചു. 2031ഓടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 450 ശതകോടി ദിർഹം സംഭാവന ചെയ്യുമെന്ന പ്രതീക്ഷയോടെ വിനോദസഞ്ചാര മേഖല വളർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാമ്പയിനിന്റെ ഭാഗമായി വിവിധ പരിപാടികളും മറ്റും സംഘടിപ്പിക്കുന്നുണ്ട്. ആഭ്യന്തര ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം വിദേശസഞ്ചാരികളെ രാജ്യത്തെ സവിശേഷമായ തണുപ്പുകാലം ആസ്വദിക്കാൻ സ്വാഗതം ചെയ്യുന്നതിനുമാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.കാമ്പയിനിന്റെ മുൻ പതിപ്പുകൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞ വർഷം അജ്മാനിൽ ആരംഭിച്ച കാമ്പയിനിലൂടെ രാജ്യത്തെ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ എട്ട് ശതമാനം വർധന രേഖപ്പെടുത്തി. ആകെ സീസണിലെ സഞ്ചാരികൾ 14 ലക്ഷത്തിലെത്തി. ആഗോളതലത്തിൽ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി അംഗീകരിക്കപ്പെട്ട യു.എ.ഇ സാംസ്കാരികവും കലാപരവും ചരിത്രപരവുമായ നിരവധി ആകർഷണീയതകൾ നിറഞ്ഞതാണെന്ന് പ്രചരിപ്പിക്കുന്ന നിരവധി സംരംഭങ്ങൾ കാമ്പയിൻ കാലയളവിൽ ഒരുക്കാറുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു