യാംബു: കഴിഞ്ഞ 20 വർഷത്തിനിടെ സൗദിയിൽ ഏറ്റവും കുറഞ്ഞ പൊടിക്കാറ്റ് ഉണ്ടായ വർഷം 2023 ആണെന്ന് റിപ്പോർട്ട്. ജി.സി.സി രാജ്യങ്ങളിലെ പൊടിക്കാറ്റിനും മണൽക്കാറ്റിനുംവേണ്ടി തയാറെടുപ്പ് നടത്താൻ മുന്നറിയിപ്പ് നൽകുന്നതിനും ഗവേഷണം നടത്തുന്നതിനും സ്ഥാപിച്ച സാൻഡ് ആൻഡ് ഡെസ്റ്റ് സ്റ്റോം വാണിങ് റീജനൽ സെൻററാണ് റിപ്പോർട്ട് ചെയ്തത്.
2003നും 2022നും ഇടയിലുള്ള കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വർഷം ഈ നേട്ടം കൈവരിക്കാൻ സാധിച്ചത് സൗദി നടത്തിയ നല്ല ശ്രമങ്ങളുടെ ഫലമാണെന്ന് അധികൃതർ വ്യക്തമാക്കി.
പോയ വർഷം റിയാദ് നഗരത്തിൽ 12 ദിവസമാണ് ശക്തമായ പൊടിക്കാറ്റ് വീശിയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് 71 ശതമാനം കുറവാണ്. വടക്കൻ അതിർത്തി മേഖലയിലെ തുറൈഫ് ഗവർണറേറ്റ് പരിധിയിൽ ഇതേ കാലയളവിൽ 10 ദിവസം പൊടിക്കാറ്റുണ്ടായിരുന്നു. ഇത് 78 ശതമാനം കുറവാണ്. അൽജൗഫ് മേഖലയിൽ 14 ദിവസം പൊടിക്കാറ്റ് വീശി. ഇത് 59 ശതമാനം കുറവാണെന്നും കേന്ദ്രം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയവും സൗദി ഗ്രീൻ ഇനിഷ്യേറ്റിവും അവരുടെ പ്രാദേശിക പരിപാടികളിലൂടെ നടത്തുന്ന വിവിധ ശ്രമങ്ങൾ പൊടിക്കാറ്റിനെയും കൊടുങ്കാറ്റുകളെയും ചെറുക്കുന്നതിനും സുസ്ഥിര പരിസ്ഥിതിക്ക് അത് ഗുണം ചെയ്യുകയും ചെയ്തു. വനവത്കരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് മേഖലയിലുടനീളം മരങ്ങൾ നട്ടുപിടിപ്പിച്ചത് പൊടിക്കാറ്റ് കുറക്കാനും ഭൂമിയെ തകർച്ചയുടെ പാരിസ്ഥിതിക ആഘാതങ്ങളിൽനിന്ന് സുരക്ഷ ഒരുക്കാൻ സഹായകമായതായും അധികൃതർ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു