ദുബൈ: ആഗോള ഗ്രാമത്തിലെത്തുന്ന സന്ദർശകർക്ക് ദുബൈയിലെ വിസ സേവനങ്ങളും വിമാനത്താവളങ്ങളിലെ നടപടി ക്രമങ്ങളും പരിചയപ്പെടുത്തുന്ന കാമ്പയിന് തുടക്കമിട്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). ‘നിങ്ങൾക്കായി ഞങ്ങൾ ഇവിടെയുണ്ട്’എന്ന സേവന പ്രചാരണ കാമ്പയിനിന്റെ ഭാഗമായാണ് വിവിധ വിസ സേവനങ്ങളും വിമാനത്താവള യാത്രക്കാരുടെ നടപടികൾ കൂടുതൽ സുഗമമാക്കുന്ന അത്യാധുനിക സ്മാർട്ട് സേവനങ്ങളും പരിചയപ്പെടുത്തുന്നത്. ഇതിനായി പ്രത്യേക ഫ്ലാറ്റ്ഫോമും സ്ഥാപിച്ചിട്ടുണ്ട്.
പവിലിയനിലെ സന്ദർശകർക്ക് നൽകുന്ന ചോദ്യാവലിക്ക് ഉത്തരം നൽകുന്നവർക്ക് വിവിധ സമ്മാനങ്ങളും നൽകും. ഈ മാസം എട്ടു മുതൽ ആരംഭിച്ച കാമ്പയിൽ ഫെബ്രുവരി എട്ടു വരെ നീളും. എല്ലാ ദിവസവും വൈകീട്ട് നാലു മുതൽ രാത്രി 12 വരെ സേവനം ലഭ്യമാണ്.
ഗ്ലോബൽ വില്ലേജിലെ പ്രധാന വേദിക്കരികിലാണ് വകുപ്പിന്റെ പ്രത്യേക കാമ്പയിൻ പ്ലാറ്റ്ഫോം. നൂതനവും ഫലപ്രദവുമായ സേവനങ്ങളിലൂടെ ഉപഭോക്താക്കളുമായുള്ള ആശയവിനിമയങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവരുടെ അനുഭവങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമുള്ള ഡിപ്പാർട്മെന്റിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിക്കുന്നതെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ ഇൻസ്റ്റിറ്റ്യൂഷനൽ സപ്പോർട്ട് സെക്ടർ ആക്ടിങ് അസി. ഡയറക്ടർ ബ്രിഗേഡിയർ അബ്ദുൽ സമദ് ഹുസൈൻ പറഞ്ഞു.
കുട്ടികളുടെ പാസ്പോർട്ട് പ്ലാറ്റ്ഫോം, ജി.സി.സി രാജ്യങ്ങളിലെ താമസക്കാരുടെ പ്രവേശന പെർമിറ്റ്, റിന്യൂവൽ എന്നിവയുടെ വിവരങ്ങൾ സന്ദർശകർക്ക് അറിയാം. അതിനൊപ്പം സ്മാർട്ട് ഗേറ്റുകൾ, സ്മാർട്ട് പാസ്, 48 മണിക്കൂറിന്റെയും 96 മണിക്കൂറിന്റെയും പ്രവേശന വിസകളെ സംബന്ധിച്ച വിവരങ്ങളും അടക്കം നിരവധി സേവനങ്ങളും പരിചയപ്പെടാം. ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാനും വിവിധ ആശയവിനിമയ പ്ലാറ്റ് ഫോമുകളിലൂടെ ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും ഈ ഫ്ലാറ്റ്ഫോമിലൂടെ കഴിയും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു