ദുബൈ: എമിറേറ്റിലെ പൊതുപാർക്കുകളിൽ പ്രവേശനം ടിക്കറ്റ് രഹിത സംവിധാനത്തിലേക്കു മാറുന്നു. ഇതിന്റെ ഭാഗമായി ചില പാർക്കുകളിൽ നോൾ കാർഡ് ടിക്കറ്റ് വെൻഡിങ് മെഷീനുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു. പൊതുപാർക്കുകളിൽ സ്മാർട്ട് ടിക്കറ്റ് സംവിധാനം ഒരുക്കുന്നതിനായി ദുബൈ മുനിസിപ്പാലിറ്റിയും ടെലിഫോൺ സേവനദാതാക്കളായ ‘ഡു’വും തമ്മിൽ കഴിഞ്ഞ ഒക്ടോബറിൽ ധാരണയിലെത്തിയിരുന്നു.
ടിക്കറ്റ് രഹിത പ്രവേശനം, തടസ്സമില്ലാത്ത തിരിച്ചറിയൽ സംവിധാനം, തൊഴിലാളികളുടെ സംതൃപ്തി, സാങ്കേതിക വൈദഗ്ധ്യം, പൊതുപാർക്കുകളിലെ സുസ്ഥിരത എന്നിവ മെച്ചപ്പെടുത്തുന്നതിന് നൂതനമായ പരിഹാരങ്ങൾ അവതരിപ്പിക്കുന്നതിനാണ് പങ്കാളിത്തം. ടിക്കറ്റുകളുടെ ഉപയോഗം ഇല്ലാതാക്കുകയും മികച്ച തിരിച്ചറിയൽ സംവിധാനങ്ങൾ നടപ്പാക്കുകയും ചെയ്യുന്നതുവഴി സന്ദർശകരുടെ പ്രവേശനം സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് ‘ഡു’ സി.ഇ.ഒ ഫഹദ് അൽ ഹസ്സാവി പറഞ്ഞു.
പുതിയ സംവിധാനത്തിലേക്കു മാറുന്നതിന്റെ ഭാഗമായി അൽ മംസാർ, സബീൽ പാർക്ക് എന്നിവിടങ്ങളിൽ സ്ഥാപിച്ചിരുന്ന നോൾ കാർഡ് ടിക്കറ്റ് വെൻഡിങ് മെഷീനുകളുടെ സേവനം നിർത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബർ മുതൽ സ്മാർട്ട് ടിക്കറ്റ് സംവിധാനം നടപ്പാക്കിയിരുന്നതായി സബീൽ പാർക്ക് അധികൃതർ വ്യക്തമാക്കി. സാംസങ് പേ, ഗൂഗ്ൾ പേ, ആപ്പിൾ പേ തുടങ്ങിയ സ്മാർട്ട് പേമെന്റ് സംവിധാനങ്ങൾ ഉപയോഗിക്കാനും സഫ പാർക്ക് പോലുള്ള ചില പാർക്കുകൾ അനുവദിക്കുന്നുണ്ട്. എന്നാൽ, എല്ലാ പാർക്കുകളിലും സ്മാർട്ട് സംവിധാനം നടപ്പാക്കാത്തതിനാൽ പുതിയ മാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഖുർആൻ പാർക്കിൽ നോൾ കാർഡ് ഉപയോഗിച്ചുള്ള ടിക്കറ്റ് സംവിധാനംതന്നെയാണ് തുടരുന്നത്. 2017 മുതലാണ് പൊതുപാർക്കുകളിൽ നോൾ കാർഡ് ഉപയോഗിച്ചുള്ള പ്രവേശനം ദുബൈ മുനിസിപ്പാലിറ്റി നിർബന്ധമാക്കിയത്. നോൾ കാർഡ് ഇല്ലാത്തവർ പാർക്കിൽനിന്ന് 25 ദിർഹം മുടക്കി ഗ്രീൻ നോൾ കാർഡ് വാങ്ങേണ്ടിയിരുന്നു. പുതിയ പേമെന്റ് രീതിയിലേക്കു മാറുന്നതോടെ പാർക്കുകളുടെ പ്രവേശനവും സുസ്ഥിരത കൈവരിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു