ദുബൈ: എമിറേറ്റിലെ മികച്ച ടൂറിസ്റ്റ് കേന്ദ്രമായി മാറുന്ന ഹത്തയുടെ വികസനത്തിനുള്ള വിവിധ പദ്ധതികൾക്ക് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകി. ചൊവ്വാഴ്ച ഹത്ത സന്ദർശിച്ചശേഷമാണ് വികസനത്തിനുള്ള പദ്ധതികളുടെ പരമ്പരക്ക് അദ്ദേഹം അംഗീകാരം നൽകിയത്.
പ്രദേശവാസികൾക്ക് സ്വകാര്യ സ്കൂളുകൾ, അയൽപക്ക കൗൺസിൽ, ഹത്ത ബീച്ചിന്റെ രൂപകൽപന എന്നിവ ഉൾപ്പെടെ സമഗ്രമായ വികസന പദ്ധതികളാണ് മേഖലയിൽ നടപ്പാക്കുന്നത്. 53,000 ചതുരശ്രമീറ്ററിൽ വ്യാപിച്ചു കിടക്കുന്നതാണ് ഹത്തയിലെ വികസന പദ്ധതികൾ. കൃത്രിമ തടാകം, വിനോദകേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെ 10,000 ചതുരശ്ര മീറ്ററിലാണ് ഹത്ത ബീച്ച് വികസന പദ്ധതി നടപ്പാക്കുന്നത്.
കൂടാതെ ഹോട്ടലുകൾ, റിസോർട്ടുകൾ, പ്രദേശവാസികൾക്കായി മകാൻ ഏരിയയിൽ 235 വീടുകൾ, ഹത്ത ഡൗൺ ടൗൺ എന്നിവയുടെ നിർമാണവും പദ്ധതിയിൽ ഉൾപ്പെടും. 70 വാണിജ്യ യൂനിറ്റുകളും മറ്റ് വിനോദകേന്ദ്രങ്ങളും ഉൾപ്പെടെ 1,46,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഹത്ത സൂഖിന്റെ നിർമാണം ഉൾപ്പെടുന്ന ഹത്ത മാസ്റ്റർ ഡെവലപ്മെന്റ് പ്ലാനിന്റെ ആദ്യഘട്ടത്തിന്റെ നടത്തിപ്പും അദ്ദേഹം വിലയിരുത്തി.
ഹത്ത പൈതൃക ഗ്രാമത്തിൽ നിർമിക്കുന്ന മറ്റ് ആകർഷണങ്ങളും ലീം ലേക് ഏരിയയിലെ മറ്റ് വികസന പദ്ധതികളും മേഖലയിൽ നിർമിക്കുന്ന 330 നിക്ഷേപ അവസരങ്ങളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. മറ്റ് സ്ഥാപനങ്ങളെക്കൂടി ഉൾപ്പെടുത്തി സുപ്രീം കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും ഹത്തയിലെ എല്ലാ വികസന പ്രവർത്തനങ്ങളും പൂർത്തീകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
ദുബൈ അർബൻ പ്ലാൻ 2040 മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് ഹത്തയിലെ വികസന പ്രവർത്തനങ്ങൾ. ഹത്ത ബീച്ച് പദ്ധതിയുടെ രൂപരേഖയും സ്ഥലവും അദ്ദേഹം അംഗീകരിച്ചു.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ദീർഘവീക്ഷണങ്ങൾ പ്രതിഫലിക്കുന്ന രീതിയിലാണ് ദുബൈയിലുടനീളം സമഗ്ര വികസന പദ്ധതികൾ നടപ്പാക്കുന്നതെന്ന് ശൈഖ് ഹംദാൻ കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു