റിയാദ്: റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ നടത്തുന്ന ഖുർആൻ പഠനപദ്ധതി ‘ലേൺ ദി ഖുർആൻ’ ആറാം ഘട്ടത്തിലെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മുഴുവൻ മാർക്കും നേടി അഷ്റഫ് പാലേമാട്, സബീറ വേങ്ങര, ഹനാൻ മലപ്പുറം എന്നിവർ ഒന്നാം റാങ്ക് കരസ്ഥമാക്കി. അനീന ബാസിം, മുനീറ പി.പി. കാരപ്പറമ്പ്, ഉമ്മുസൽമ എടക്കര എന്നിവർ രണ്ടാം റാങ്കും ഇല്യാസ് അഹമ്മദ് ദമ്മാം, മുഹമ്മദ് ബഷീർ മണ്ണാർക്കാട്, ജസീന സുൽഫിക്കർ റിയാദ്, നിഷ അബ്ദുറസാഖ് ജിദ്ദ, സാലിം എ.എ. റഹീമ, ഇസ്മാഈൽ അച്ഛനമ്പലം, ഫാത്തിമ ഹുസ്ന തുറക്കൽ എന്നിവർ മൂന്നാം റാങ്കും കരസ്ഥമാക്കി. കഴിഞ്ഞ നവംബർ 10ന്, ഗ്ലോബൽതലത്തിൽ ഓൺലൈൻ മത്സരമായി നടന്ന പരീക്ഷയിൽ വിവിധ രാജ്യങ്ങളിൽ നിന്ന് മലയാളികൾ പങ്കെടുത്തു. മുഴുവൻ പഠിതാക്കളുടെയും പരീക്ഷാഫലം www.learnthequran.org വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്ട്രേഷൻ നമ്പറും മൊബൈൽ നമ്പറും വെബ്സൈറ്റിലെ റിസൽറ്റ് കോളത്തിൽ നൽകി പരീക്ഷാഫലം അറിയാവുന്നതാണ്. മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വിവരണ പാഠഭാഗത്തിലെ 25ാം ഭാഗത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പരീക്ഷ. ഒരു വർഷം നീണ്ട തുടർപഠനത്തിന് ശേഷമാണ് പഠിതാക്കൾ പരീക്ഷ എഴുതിയത്. റാങ്ക് ജേതാക്കളെ പ്രത്യേകം അഭിനന്ദിക്കുന്നതായും പരീക്ഷയെഴുതിയ മുഴുവൻ പേരെയും അനുമോദിക്കുന്നതായും റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറും ലേൺ ദി ഖുർആൻ ഡയറക്ടറുമായ അബ്ദുൽ ഖയ്യൂം ബുസ്താനി, ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി, ട്രഷറർ മുഹമ്മദ് സുൽഫിക്കർ എന്നിവർ അറിയിച്ചു. ലേൺ ദി ഖുർആൻ പുതിയ പാഠഭാഗം പഠന ക്ലാസുകൾ ആരംഭിച്ചു.
പാഠപുസ്തകം ജനുവരി അവസാനം പഠിതാക്കൾക്ക് ലഭിക്കും. ലോകത്തുള്ള മുഴുവൻ മലയാളികൾക്കും പഠനക്ലാസ് ലഭ്യമാകുന്നതിന് എല്ലാ ഞായറാഴ്ചയും ഇന്ത്യൻ സമയം രാത്രി 8.30ന് ഓൺലൈൻ വഴിയും പഠനക്ലാസ് ഒരുക്കിയിട്ടുണ്ട്. റാങ്ക് ജേതാക്കൾക്കും ഉന്നതമാർക്ക് നേടിയവർക്കുമുള്ള കാഷ് അവാർഡുകളും സമ്മാനങ്ങളും സർട്ടിഫിക്കറ്റും ലേൺ ദി ഖുർആൻ ദേശീയ സംഗമത്തിൽ വിതരണം ചെയ്യും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു