ലണ്ടൻ: കേരളാ പ്രദേശ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടും, അഴിമതി ഭീകര ഭരണത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന യുവ നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെ അദ്ദേഹത്തിന്റെ ബെഡ്റൂമിൽ കയറി അറസ്റ്റു ചെയ്ത പോലീസ് രാജിനെതിരെ യു കെ യിൽ ഐഒസി യുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഇരമ്പി. പൊതു ജനങ്ങൾക്കിടയിൽ സാമൂഹ്യ പ്രവർത്തകനായി നിറഞ്ഞു നിൽക്കുന്ന ജനകീയ നേതാവിനെ അറസ്റ്റു ചെയ്ത രീതിയും അദ്ദേഹത്തിനെ അകത്തിടുവാൻ ചാർത്തിയ കള്ള വകുപ്പുകളും ആഭ്യന്തര വകുപ്പിന്റെ നിയമ വാഴ്ചയല്ല മറിച്ച് തേർവാഴ്ചയാണെന്ന് പ്രതിഷേധ യോഗം വിലയിരുത്തി.
ശബ്ദിക്കുന്നവന്റെയും സംഘാടകരുടെയും മനോവീര്യം തല്ലിക്കെടുത്തി നാവടപ്പിക്കാമെന്ന വ്യാമോഹം നടക്കില്ല എന്നും നിയമ സഹായം നൽകുന്നതിന് കൈകോർക്കുവാൻ പ്രതിജ്ഞാബദ്ധമാണെന്നും പ്രതിഷേധ യോഗത്തിൽ ഐഒസി നേതാക്കൾ പറഞ്ഞു.
മാന്യമായി പൊതു പ്രവർത്തനം നടത്തുന്ന കെ എസ് യു – യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്ക് എതിരെ മുൻപ് കേട്ടുകേൾവി പോലും ഇല്ലാത്ത രീതിയിൽ ക്രിമിനലുകളായ പാർട്ടി ഗുണ്ടകളെ കൊണ്ടും പോലീസിനെ കൊണ്ടും സ്വന്തം അംഗരക്ഷകരെയും ഉപയോഗിച്ച് തല്ലിച്ചതച്ചും കള്ളക്കേസ് എടുപ്പിച്ചും നടത്തുന്ന ഭീകരവാഴ്ച അധിക കാലം തുടരില്ല.
അടുത്തകാലത്ത് പാർട്ടിയെയും സർക്കാരിനെയും പിണറായിയെ തന്നെയും പ്രതികൂട്ടിലാക്കുന്ന പല വാർത്തകളിൽ നിന്നും ശ്രദ്ധ തിരിക്കാൻ മെനഞ്ഞുണ്ടാക്കിയ ഈ പൊറാട്ട് നാടകം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ മനസിലാക്കും.
വണ്ടിപ്പേരിയറിൽ പിഞ്ചു ബാലികയെ ബലാത്സംഗം ചെയ്തു കൊന്ന ഡിവൈ എഫ്ഐ ക്രിമിനലിനെ രക്ഷിക്കുവാനും, തൃശൂരിൽ ഡി വൈ എസ് പിയുടെ ജീപ്പ് അടിച്ചു തകർത്ത എസ്എഫ്ഐ ക്രിമിനലുകളെ സംരക്ഷിക്കുവാനും,
വ്യാജ സർട്ടിഫിക്കറ്റുകൾ അടിച്ചുണ്ടാക്കുന്ന പാർട്ടിക്കാരെ രക്ഷിച്ചെടുക്കാനും വെമ്പൽ കൊള്ളുന്ന പിണറായി പോലീസ്, ഒരു സമരത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ എടുക്കുന്ന നടപടികൾ തീക്കൊള്ളി കൊണ്ട് തല ചൊറിയൽ ആണ്.
കേരളത്തിലെ പൊതു സമൂഹം ഇതിനു ഇതിനു ശക്തമായി മറുപടി നൽകും.
പ്രതിഷേധ യോഗത്തിൽ അജിത് മുതയിൽ, റോമി കുര്യാക്കോസ്, ബോബിൻ ഫിലിഫ്, അശ്വതി നായർ, സൂരജ് കൃഷ്ണൻ, ജെന്നിഫർ ജോയ്, ആഷിർ റഹ്മാൻ, എഫ്രേം സാം, അളക ആർ തമ്പി തുടങ്ങിയവർ സംസാരിച്ചു.