പ്ലസ്ടുവിൽ സയൻസ്, കൊമേഴ്സ്, ആർട്സ് സ്ട്രീമുകളിൽ പഠിച്ചിറങ്ങുന്നവർക്ക് ലഭിക്കുന്ന അവസരങ്ങൾ മനസ്സിൽവെച്ച് വേണം സ്ട്രീം തെരഞ്ഞെടുക്കാൻ. സയൻസ് സ്ട്രീമിലുള്ളവർ കൂടുതലായി എഞ്ചിനീയറിങ്, മെഡിക്കൽ മേഖലയിലേക്ക് പ്രവേശനിക്കുമ്പോൾ ആർട്സ് വിഭാഗക്കാർ ബിരുദ തലത്തിൽ ആർട്സ് വിഷയങ്ങൾ തെരഞ്ഞെടുത്ത് പഠിക്കുന്നു. പ്ലസ്ടുവിൽ കൊമേഴ്സ് സ്ട്രീമിൽ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് ഏതൊക്കെ വഴികൾ തെരഞ്ഞെടുക്കാം
ബി കോം
പ്ലസ്ടുവിൽ കൊമേഴ്സ് സ്ട്രീമിൽ പഠിച്ചിറങ്ങുന്നവർ കൂടുതലായി തെരഞ്ഞെടുക്കുന്ന കോഴ്സാണ് കൊമേഴ്സിൽ ബിരുദം, അല്ലെങ്കിൽ ബി.കോം. മൂന്ന് വർഷം ദൈർഘ്യമുള്ള കോഴ്സിൽ അക്കൗണ്ടൻസി, എക്കണോമിക്സ്, ബിസിനസ് സ്റ്റഡീസ്, ഫിനാൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഹ്യൂമൻ റിസോഴ്സ് തുടങ്ങിയ പേപ്പറുകൾ പഠിക്കാനുണ്ടാകും.
എക്കണോമിക്സ്
കൊമേഴ്സുകാർക്കുള്ള മറ്റൊരു കോഴ്സാണ് എക്കണോമിക്സിൽ ബിരുദം. മൈക്രോ എക്കണോമിക്സ്, മാക്രോ എക്കണോമിക്ക്സ്, എക്കണോമെട്രിക്സ്, മാത്തമാറ്റിക്കൽ എക്കണോമിക്സ്, പൊളിറ്റിക്കൽ എക്കണോമി, ഇന്റർനാഷണൽ എക്കണോമിക്സ് തുടങ്ങിയ പേപ്പറുകളുണ്ടാകും. ബിരുദതലത്തിൽ എക്കണോമിക്സ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്ലസ്ടുവിൽ കണക്ക് ഒരു ഐച്ഛിക വിഷയമായി പഠിക്കാൻ ശ്രമിക്കുക. ഗവേഷണ മേഖല, അധ്യാപനം, എന്നീ മേഖലകളിൽ പ്രവർത്തിക്കാനാകും. ഇതിന് പുറമെ ഇന്ത്യൻ എക്കണോമിക്സ് സർവീസസ് പരീക്ഷയെഴുതാനും അവസരം ലഭിക്കുന്നു.
ബി ബി എ
ബിസിനസ് മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ) കോഴ്സിന് ചേരാം. ബിസിനസിന്റെ തീയററ്റിക്കൽ, പ്രാക്ടിക്കൽ വശങ്ങളിൽ അറിവ് സ്വന്തമാക്കാൻ ഈ ബിരുദം സഹായിക്കുന്നു. കോർപ്പറേറ്റ് കമ്പനികളിൽ അവസരം ലഭിക്കുന്നതിന് പുറമെ സ്വയം സംരംഭകരാവാനും അവസരം ലഭിക്കും. ബി.ബി.എയിൽ ബി.ബി.എ ഫിനാൻസ്, ബി.ബി.എ ട്രാവൽ ആന്റ് ടൂറിസം എന്നിങ്ങനെ സ്പെഷ്യലൈസേഷനും അവസരമുണ്ട്.
ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ
ജേണലിസം, അഡ്വർടൈസിംഗ്, ഫിലിം മേക്കിംഗ്, കണ്ടന്റ് ഡവലപ്പിംഗ് എന്നീ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹമുള്ളവർക്ക് ബാച്ചിലർ ഓഫ് ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ (BAJMC) കോഴ്സിന് ചേരാം. ആർട്സ്, കൊമേഴ്സ്, സയൻസ് എന്നീ മൂന്ന് സ്ട്രീമുകളിൽ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്കും ഈ കോഴ്സ് തെരഞ്ഞെടുക്കാം.