മസ്കത്ത്: താപനിലയിൽ പ്രകടമായ മാറ്റം വന്നുതുടങ്ങിയതോടെ ഒമാൻ കൊടും തണുപ്പിലേക്കുനീങ്ങുന്നു. ഞായറാഴ്ച ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ജബൽ ശംസിലാണ്. മൈനസ് 1.1ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടുത്തെ താപനില. ജബൽ അഖ്ദറിലെ സൈഖിൽ 5.4 ഡിഗ്രി സെൽഷ്യസും അനുഭവപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി ഉൾപ്രദേശങ്ങളിൽ നല്ല തണുപ്പാണനുഭവപ്പെടുന്നത്. രാത്രികാലങ്ങളിലാണ് തണുപ്പ് ഏറെ
ശക്തമാകുന്നത്. ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇബ്രിയിലെ ജബൽ അൽ സൂറയിൽ മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസായിരുന്നു ഞായറാഴ്ചത്തെ താപനില. പ്രദേശത്തെ മഞ്ഞു പെയ്ത് തുടങ്ങിയതോടെ അപൂർവ ദൃശ്യം രേഖപ്പെടുത്താനും പങ്കിടാനും സ്വദേശികളും വിദേശികളമടക്കം നിരവധിപേരാണെത്തുന്നത്. മറ്റിടങ്ങളായ ദോഫാർ ഗവർണറേറ്റിലെ മഖ്ഷിനിൽ 10.2, മസിയോന10. 7, തുംറൈത്ത് 11. 5, മർമുളിൽ 12.5 ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില. അതേസമയം, മസ്കത്ത് നഗരത്തിൽ താപനിലയിൽ പ്രകടമായി മാറ്റം വന്നിട്ടില്ല. തിങ്കളാഴ്ചത്തെ ഏറ്റവും കൂടിയ താപനില 25 ഡിഗ്രി സെൽഷ്യസായിരുന്നു. കുറവ് 17 ഡിഗ്രിയുമായിരുന്നു.
വരുംദിവസങ്ങളിലും താപനില കുറയുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം പറയുന്നത്. ഇതോടെ കൊടുംതണുപ്പ് ആസ്വദിക്കാൻ നിരവധി വിനോദസഞ്ചാരികൾ ജബൽ ശംസിലേക്കൊഴുകും. സമുദ്ര നിരപ്പിൽനിന്ന് 3100 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ജബൽ ശംസ് തികച്ചും വ്യത്യസ്തമായ കാലാവസ്ഥ അനുഭവപ്പെടുന്ന പർവതമാണ്. ഒക്ടോബർ മുതൽ ഏപ്രിൽവരെയാണ് ജബൽ ശംസിൽ മികച്ച കാലാവസ്ഥ അനുഭവപ്പെടുന്നത്. ഈ സീസണിലാണിവിടേക്ക് വിനോദസഞ്ചാരികളെത്തുന്നത്. ഡിസംബർ, ജനുവരി മാസങ്ങളിലാണ് ജബൽ ശംസിൽ തണുപ്പ് വർധിക്കുക. ഇതോടെ കുന്നിൻ ചരിവുകളിലും വഴിയോരങ്ങളിലും മഞ്ഞുകട്ടകൾ നിറയും ക്യാമ്പുചെയ്യാനേറ്റവും അറിയപ്പെടുന്ന സ്ഥലമാണിത് .
യൂറോപ്യന്മാരാണ് ഇവിടത്തെ കാലാവസ്ഥ ഏറെ ആസ്വദിക്കുന്നത്. തണുത്തുവിറക്കുന്ന കാലാവസ്ഥ അനുഭവിക്കാനും രാത്രികാലത്തെ ആകാശമാസ്മരിക ആസ്വദിക്കാനും ദിനേനെ നിരവധി അളുകൾ ക്യാമ്പിങ്ങിനെത്തുന്നുണ്ട്. അമേരിക്ക, ഫ്രാൻസ്, നെതർലൻഡ്, കാനഡ, ജർമനി, ബെൽജിയം, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ ഭൂരിഭാഗവും. സന്ദർശകർക്ക് ട്രക്കിങ് സൗകര്യവും, നിരവധി സൗകര്യങ്ങളുള്ള ഗെസ്റ്റ് ഹൗസുകളുമുണ്ട്. കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ നിരവധി പദ്ധതികളും തുടങ്ങിയിട്ടുണ്ട്.
ഏറെ അപകടങ്ങൾ പതിയിരിക്കുന്നതാണ് ജബൽ ശംസിലേക്കുള്ള റോഡുകൾ. യാത്രക്ക് ഫോർ വീലർ വാഹനങ്ങൾ ആവശ്യമാണ്. ചെങ്കുത്തായ റോഡുകളും വളവുകളും തിരിവുകളും ഉള്ളതിനാൽ ഏറെ അപകടങ്ങൾ നിറഞ്ഞതാണ്. പലയിടത്തും റോഡുകളിൽ ചെമ്മണ്ണാണുള്ളത്. അതിനാൽ പരിചയസമ്പന്നരായ ഡ്രൈവർമാരാണ് ജബൽശംസിലേക്ക് വാഹനം ഓടിക്കേണ്ടത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു