അബൂദബി: ഗതാഗത പിഴകൾ തവണകളായി അടയ്ക്കാൻ സഹായിക്കുന്ന പദ്ധതിയിൽ കൂടുതൽ ബാങ്കുകളെ ഉൾപ്പെടുത്തുമെന്ന് അബൂദബി ഗതാഗത വകുപ്പ്. ഫസ്റ്റ് അബൂദബി ബാങ്ക്, അബൂദബി കമേഴ്സ്യൽ ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് ഉള്ളവർക്കാണ് നിലവിൽ ട്രാഫിക് പിഴകൾ തവണകളായി അടക്കാൻ സാധിക്കുകയെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു.
2024ന്റെ ആദ്യ പകുതിയോടെ ഈ സൗകര്യം കൂടുതൽ ബാങ്കുകളിൽ ലഭ്യമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. കുറഞ്ഞത് 3,000 ദിർഹം വരെയുള്ള പിഴകളാണ് ഈ സേവനത്തിലൂടെ തവണകളായി അടയ്ക്കാൻ കഴിയുക.
‘താം’ സേവനകേന്ദ്രങ്ങൾ വഴിയോ അബൂദബി സിറ്റി മുനിസിപ്പാലിറ്റിയിലെയും അൽ ഐൻ സിറ്റി മുനിസിപ്പാലിറ്റിയിലെയും കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങൾ മുഖേനയും ഈ സേവനം പ്രയോജനപ്പെടുത്താം. മൂന്ന് മാസം, ആറ് മാസം, ഒമ്പത് മാസം, 12 മാസം എന്നിങ്ങനെ തവണകളായി പലിശരഹിതമായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പിഴയൊടുക്കാനാണ് അവസരം.
എമിറേറ്റില്‍ കഴിഞ്ഞ വര്‍ഷം റെഡ് സിഗ്നല്‍ ലംഘിച്ചതിന് പിടികൂടുകയും പിഴ ചുമത്തുകയും ചെയ്തത് 2,850 ഡ്രൈവര്‍മാർക്കാണ്. റെഡ് സിഗ്നല്‍ മറികടക്കുന്നവര്‍ക്ക് മറ്റ് എമിറേറ്റുകളെ അപേക്ഷിച്ച് അബൂദബിയില്‍ കടുപ്പമേറിയ ശിക്ഷയാണ്. എന്നിട്ടും അശ്രദ്ധയും അമിതവേഗതയും മൂലം നൂറുകണക്കിന് പേരാണ് റെഡ് സിഗ്നല്‍ മറികടന്ന് അപകടം ഉണ്ടാക്കുന്നതും ശിക്ഷ വാങ്ങിക്കുന്നതും.
യു.എ.ഇ ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം ചെറിയ വാഹനങ്ങള്‍ റെഡ് സിഗ്നല്‍ മറികടന്നാല്‍ 1,000 ദിര്‍ഹമാണ് പിഴ. വലിയ വാഹനങ്ങള്‍ക്ക് 3,000 ദിര്‍ഹമാണ് പിഴ ചുമത്തുക. ലൈസന്‍സില്‍ 12 ബ്ലാക്ക് പോയന്റ് ചുമത്തുന്നതിന് പുറമെ വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും. കാര്‍ വിട്ടുകൊടുക്കണമെങ്കില്‍ ഉടമ 3,000 ദിര്‍ഹം ഒടുക്കണം. ഗുരുതരമായ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ വിട്ടുകൊടുക്കണമെങ്കില്‍ 50,000 ദിര്‍ഹം അടയ്ക്കണമെന്ന് 2020 സെപ്റ്റംബറില്‍ അബൂദബി നിയമം കൊണ്ടുവന്നിരുന്നു. പിടിച്ചെടുത്ത വാഹനം മോചിപ്പിക്കാന്‍ മൂന്നു മാസത്തിനകം പിഴ കെട്ടിയില്ലെങ്കില്‍ വാഹനം ലേലം ചെയ്യും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു